മിഥുന്റെ മരണം: ഓവര്‍സിയര്‍ക്ക് സസ്പെന്ഷന്
Friday, August 1, 2025 1:49 AM IST
കൊല്ലം: തേവലക്കര സ്കൂളിലെ വിദ്യാർഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ഇബി. വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ടു വീഴ്ച വരുത്തിയ തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ്. ബിജുവിനെ സസ്പെന്‍ഡ് ചെയ്തു.
സംഭവം അന്വേഷിച്ച കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ചീഫ് എൻജിനിയർ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു സസ്പെന്ഷന് ഉത്തരവില്‍ കെഎസ്ഇബി വ്യക്തമാക്കുന്നു.
ബിജുവിന്റെ ഭാഗത്ത് അക്ഷന്ത്യവമായ തെറ്റ് സംഭവിച്ചുവെന്നാണ് ഉത്തരവില്‍ പറയുന്നത്. തേവലക്കര സ്കൂളില്‍ പട്രോളിംഗ് നടത്തിയിട്ടും ശരിയായ വിവരം ധരിപ്പിക്കുന്നതില്‍ ബിജു പരാജയപ്പെട്ടു.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി എസ്. ബിജുവിനെതിരേ അച്ചടക്കനടപടി സ്വീകരിക്കാനും കരുനാഗപ്പള്ളി ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തിട്ടുണ്ട്. നേരത്തേ മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി തള്ളിയിരുന്നു.