ജിമ്മി ഫിലിപ്പ് വിരമിച്ചു
Friday, August 1, 2025 1:49 AM IST
കോട്ടയം: രാഷ്ട്രദീപിക കർഷകൻ മാസിക എഡിറ്റർ ഇൻ ചാർജ് ജിമ്മി ഫിലിപ്പ് വിരമിച്ചു. മൂന്നു പതിറ്റാണ്ടോളം റിപ്പോർട്ടറായും പത്രാധിപസമിതി അംഗമായും വിവിധ തസ്തികകളിൽ പ്രവർത്തിച്ച അദ്ദേഹം, ദീപികയുടെ കോട്ടയം, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിലും ജോലി ചെയ്തിട്ടുണ്ട്. ദീപികയിൽ സീനിയർ ന്യൂസ് എഡിറ്റർ ആയിരിക്കുമ്പോഴാണു കർഷകൻ മാസികയുടെ എഡിറ്റർ ഇൻ ചാർജായി ചുമതലയേറ്റത്.
പത്രപ്രവർത്തക മികവിന് രാംനാഥ് ഗോയങ്ക ദേശീയ പുരസ്കാരം, സ്റ്റേറ്റ്സ്മാൻ അവാർഡ്, സംസ്ഥാന സർക്കാർ മാധ്യമ അവാർഡ്, സംസ്ഥാന ശാസ്ത്രസാഹിത്യ പുരസ്കാരം, കൊളംബിയർ അവാർഡ്, കെ.എം. ബഷീർ മാധ്യമ പുരസ്കാരം, പ്രസ് അക്കാഡമി അവാർഡ്, കെ.പി. ഗോപിനാഥ് മാധ്യമ പുരസ്കാരം, വനംവകുപ്പിന്റെ പരിസ്ഥിതി അവാർഡ്, മദർ തെരേസാ മാധ്യമ അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
കോട്ടയം ആർപ്പൂക്കര മുട്ടത്തുപാടത്ത് ചാക്കോ ഫിലിപ്പ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനായ അദ്ദേഹം, കെസിവൈഎം സംസ്ഥാന പ്രസിഡന്റായും ചങ്ങനാശേരി അതിരൂപതാ യുവദീപ്തി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശുഭ. മക്കൾ: അശ്വിൻ (എഐ എൻജിനിയർ), അഞ്ജലീന (മെഡിക്കൽ വിദ്യാർഥി, ആലപ്പുഴ ഗവ. മെഡിക്കൽ കോളജ്).