നിരപരാധിയായ ജോസഫ് സഹിച്ചതിന് ആര് ഉത്തരം പറയും?
Friday, August 1, 2025 1:48 AM IST
എം.ജെ. ജോസ്
ആലപ്പുഴ: ആണ്‍സുഹൃത്തിനെ രക്ഷിക്കാന്‍ പെണ്‍കുട്ടി കൊടുത്ത കള്ളമൊഴിയെത്തുടര്ന്ന് 75കാരന് പോക്സോ കേസില്‍ കുടുങ്ങിയതിൽനിന്ന് ഒഴിവായെങ്കിലും ജോസഫ് അനുഭവിച്ച കഷ്ടനഷ്ടങ്ങൾ ചിന്തിക്കുന്നതിനുമപ്പുറം.
പോലീസ് അന്വേഷണത്തിലെ വീഴ്ചയാണ് ജോസഫ് എന്ന സെക്യൂരിറ്റി ജീവനക്കാരൻ ഇത്തരം ഒരു ദുരനുഭവത്തിലൂടെ കടന്നുപോകാൻ കാരണമെന്ന് അദ്ദേഹത്തിന്റെ വക്കീൽ അഡ്വ.പി. പി. ബൈജു പറയുന്നു.
ഒന്നുമറിയാതെ
ആലപ്പുഴ ആറാട്ടുവഴി വാര്‍ഡ് മുല്ലശേരി ഹൗസില്‍ എം.ജെ. ജോസഫ് ആണ് ജുഡീഷല്‍ കസ്റ്റഡിയില്‍ 285 നാള് ജയിലില്‍ കഴിയേണ്ടി വന്നത്. പെണ്‍കുട്ടി തെറ്റായി മൊഴി നല്കിയതാണെന്നു വ്യക്തമായതോടെ ആലപ്പുഴ പോക്സോ കോടതി ജഡ്ജിയും അഡീ. സെഷന്‍സ് കോടതി ഒന്ന് ജഡ്ജിയുമായ റോയ് വര്‍ഗീസ് ഇദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.
താന്‍ നേരത്തെ നല്‍കിയത് തെറ്റായ മൊഴിയാണെന്ന് സ്കൂള്‍ വിദ്യാര്‍ഥിനി കോടതിയില്‍ പറഞ്ഞതോടെയാണ് ജോസഫിന് ആശ്വസമായ വിധിയുണ്ടായത്. ആലപ്പുഴ നഗരത്തിലെ സ്കൂളില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുമ്പോഴാണ് ജോസഫ് പോക്സോ കേസില്‍ അറസ്റ്റില്‍ ആകുന്നത്.
സ്കൂള്‍ വിദ്യാര്‍ഥനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു ആദ്യ പരാതി. പിന്നീട് ഗർഭിണിയാണെന്നതു പരാതിയിൽനിന്ന് ഒഴിവാക്കി. ആണ്‍സുഹൃത്തുമായുള്ള ബന്ധം ജോസഫ് വീട്ടില്‍ പറയുമോ എന്ന ഭയത്തില്‍ കളളം പറഞ്ഞതാണെന്നായിരുന്നു വിചാരണ സമയത്ത് പെൺകുട്ടിയുടെ മൊഴി.
ഇരുട്ടടിപോലെ
ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തയ്യല്പണി മുതല്‍ സെക്യൂരിറ്റിപ്പണി വരെ ചെയ്തിട്ടുണ്ട് ജോസഫ്. പത്തു വര്‍ഷം മുന്‍പ് കാൻസർ ബാധിച്ചു ഭാര്യ മരിച്ചു. അതോടെ മക്കള്‍ക്കൊപ്പമായി ജീവിതം. അല്പം സാമൂഹ്യപ്രവർത്തനവുമുണ്ടായിരുന്നു. ഇതിനിടെയാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നത്.
നിലവില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകനെ പ്രതിയാക്കി നോര്‍ത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. ജോസഫിന് രണ്ടു വര്‍ഷം മുന്‍പാണ് കേസില്‍ ജാമ്യം ലഭിച്ചത്. ഇപ്പോള്‍ കുറ്റവിമുക്തനാക്കിയതോടെ പറഞ്ഞറിയിക്കാനാവാത്ത ആശ്വാസത്തിലാണ് ജോസഫ്.
കേസ് നടത്താൻ പണമില്ലായിരുന്നു: എം.ജെ. ജോസഫ്
ഈ കേസിൽ ഞാൻ അനുഭവിച്ച മാനസികപീഡനത്തിനും ശാരീരിക അസ്വാസ്ഥ്യങ്ങൾക്കും കണക്കില്ല. എനിക്ക് ആളോ ആരോഗ്യമോ പൈസയോ ഇല്ലായിരുന്നു. ദൈവദൂതനെപ്പോലെ ഒരു വക്കീലിനെ കിട്ടിയതിനാൽ നിരപരാധിത്വം തെളിയിക്കാനായി. അതിനു ദൈവത്തിനു നന്ദി പറയുന്നു.
മിക്സ്ചർ കന്പനിയിൽ തുച്ഛമായ ദിവസക്കൂലിയിൽ പണിയെടുത്താണ് ജീവിതം. കിട്ടുന്നതുകൊണ്ടു മരുന്നുവാങ്ങാൻ പോലും തികയില്ല. സാധാരണക്കാരൻ എത്ര നിരപരാധി ആണെങ്കിലും കേസിൽ അകപ്പെടാമെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. പെൺകുട്ടിയോടും ദേഷ്യമില്ല. അവളുടെ പ്രായത്തിന്റെ ബുദ്ധിമോശമെന്നേ ഞാൻ കരുതുന്നുള്ളൂ. ഇനി ആരോട് എന്തു പരാതി പറയാൻ...
പോലീസിന്റെ വീഴ്ച: അഡ്വ.പി. പി. ബൈജു

2022ൽ നടന്ന കേസ്. യാതൊരു തെളിവും ലഭിക്കാതെ പോലീസ് ഒരാളെ കുറ്റവാളിയാക്കി അകത്താക്കിയ ദാരുണ സംഭവം. പോലീസ് പെൺകുട്ടിയുടെ 164 സ്റ്റേറ്റ്മെന്റ് തുടക്കത്തിൽ എടുക്കാതിരുന്നതുതന്നെ ദുരൂഹമാണ്.
മനസ്താപത്താലാവാം വിസ്താരസമയത്ത് പെൺകുട്ടി മൊഴി തിരുത്തിയത്. അല്ലെങ്കിൽ ഒരു നിരപരാധി ശിക്ഷിക്കപ്പെടുകയും പ്രതി സ്വതന്ത്രനായി വിഹരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായേനെ. ഒരു നിരപാധിയെയും കുടുംബത്തെയും സമൂഹത്തിന്റെ മുമ്പിൽ നാണം കെടുത്തിയതിന് ആരു സമാധാനം പറയും? ജയിലിൽ ഈ മനുഷ്യൻ അനുഭവിച്ച മനോപീഡകൾക്ക് ആര് പരിഹാരം ചെയ്യും?
ലീഗൽ സർവീസ് അഥോറിറ്റിക്കാർ പോലും ഇദ്ദേഹത്തിനു നഷ്ടപരിഹാരം നൽകണമെന്നു നിർദേശിക്കാത്തതു ഖേദകരമാണ്. വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കാനും നഷ്ടപരിഹാരം നൽകാനും സർക്കാരിനു ബാധ്യതയുണ്ട്.