അച്ഛനെ മകൻ കൊന്നതു സ്വർണമാലയ്ക്കുവേണ്ടി
Thursday, July 31, 2025 1:54 AM IST
മണ്ണുത്തി: മുളയം കൂട്ടാലയിൽ അച്ഛനെ മകൻ കൊലപ്പെടുത്തിയത് സ്വർണമാലയ്ക്കുവേണ്ടിയെന്നു മൊഴി.
മുളയം മൂത്തേടത്ത് സുന്ദരൻനായരെയാണ് മകൻ സുമേഷ് വിറകുകഷണംകൊണ്ടു തലയക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി വിജനമായ പറമ്പിൽ ഉപേക്ഷിച്ചത്. കൊലപാതകത്തിനുശേഷം മുങ്ങിയ സുമേഷിനെ പുത്തൂരിലെ ബന്ധുവീട്ടിൽനിന്നാണു പിടികൂടിയത്. കൃത്യമായ ആസൂത്രണത്തോടെയാണു പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് : കൊലപാതകം നടന്നതിന്റെ തലേദിവസം വീട്ടിലെത്തിയ പ്രതി അമ്മയും മറ്റും പിറ്റേന്നു വീട്ടിൽനിന്ന് പുറത്തുപോകുന്നതുവരെ കാത്തുനിന്നു. എല്ലാവരും വീട്ടിൽനിന്നു പോയശേഷം സുന്ദരൻനായർ ധരിച്ചിരുന്ന മൂന്നുപവന്റെ മാല ചോദിച്ച് വഴക്കുണ്ടാക്കി.
തർക്കം രൂക്ഷമായതോടെ അടുക്കളയിൽ ഉണ്ടായിരുന്ന വിറകുകഷണം എടുത്ത തലയിലടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു കുളിമുറിയിലേക്കു മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയി സുന്ദരൻനായർ ധരിച്ചിരുന്ന മുണ്ട് അഴിച്ച് കൈകാലുകൾ കൂട്ടിക്കെട്ടി ചാക്കിലാക്കി സമീപത്തെ വിജനമായ പറമ്പിൽ കൊണ്ടിടുകയായിരുന്നു. പിന്നീട് പ്രതി സ്വർണമാല പണയംവച്ച് 80,000 രൂപ വാങ്ങി. മദ്യപിച്ച അവസ്ഥയിലായിരുന്നു പോലീസ് പിടികൂടുന്പോൾ.