തൃശൂർ ആർടി ഓഫീസ് ക്രമക്കേട്: സീനിയർ ക്ലർക്കിനു സസ്പെൻഷൻ
Wednesday, July 30, 2025 1:42 AM IST
തൃശൂർ: റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ ക്രമക്കേടു കണ്ടെത്തിയ സംഭവത്തിൽ സീനിയർ ക്ലാർക്ക് റസീനയ്ക്കു സസ്പെൻഷൻ.
ഉദ്യോഗസ്ഥർക്കുവേണ്ടി ഏജന്റ് മുഖാന്തിരം കൈക്കൂലിപ്പിരിവു നടത്തുന്നെന്ന പരാതിയെത്തുടർന്ന് ഫെബ്രുവരി നാലിനായിരുന്നു പരിശോധന.
റസീനയുടെ മൊബൈൽ ഫോണിൽനിന്ന് ആർടി ഏജന്റായി പ്രവർത്തിക്കുന്ന സിജോയുടെ ഫോണിലേക്ക് ജനുവരി 20 മുതൽ ഫെബ്രുവരി ഒന്നുവരെ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകളും വാട്സ് ആപ്പ് സന്ദേശങ്ങളായി അയച്ചെന്നു കണ്ടെത്തി.
ഡ്യൂട്ടിസമയത്ത് ഉദ്യോഗസ്ഥയുമായി സിജോ, മറ്റൊരു ഏജന്റായ ടെറൻസ് എന്നിവർ ബന്ധപ്പെട്ടിരുന്നു.
വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏജന്റുമാർക്ക് അയച്ചുകൊടുത്തതു ഗുരുതര ക്രമക്കേടാണെന്നും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുന്നെന്നും ഗതാഗതവകുപ്പ് സ്പെഷൽ സെക്രട്ടറി പി.ബി. നൂഹിന്റെ ഉത്തരവിൽ പറയുന്നു.