സതീശനെ അഭിനന്ദിച്ച് വി.എം. സുധീരൻ
Wednesday, July 30, 2025 1:42 AM IST
തിരുവനന്തപുരം: വെല്ലുവിളി ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അഭിനന്ദിച്ചു രംഗത്തുവന്ന കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ, നവോത്ഥാന സമിതിയുടെ അധ്യക്ഷസ്ഥാനത്തുനിന്നു വെള്ളാപ്പള്ളി നടേശനെ നീക്കംചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രഖ്യാപനം ധീരവും കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെയും യുഡിഎഫിന്റെയും അന്തസ് ഉയർത്തിപ്പിടിക്കുന്നതുമാണെന്ന് സുധീരൻ അഭിപ്രായപ്പെട്ടു.
യുഡിഎഫ് അണികളിലും ജനാധിപത്യ, മതേതര വിശ്വാസികളായ ജനങ്ങളിലും തനിക്കുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണിത്. സ്വാർഥതാത്പര്യങ്ങൾക്കായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിപദം ദുരുപയോഗപ്പെടുത്തി വരുന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിക്കുള്ള സതീശന്റെ ഈ മറുപടി തികച്ചും പ്രസക്തവും അഭിനന്ദനാർഹവുമാണ്.
നാടിന്റെ നവോത്ഥാന മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച ശ്രീനാരായണ ഗുരു നൽകിയ സന്ദേശങ്ങൾക്കും ഗുരുദേവന്റെ ദർശനങ്ങൾക്കും എതിരേ എക്കാലത്തും പ്രവർത്തിച്ചുവരുന്ന വെള്ളാപ്പള്ളി, സംസ്ഥാന സർക്കാർ രൂപവത്കരിച്ച നവോത്ഥാന സമിതിയുടെ അധ്യക്ഷനായിരിക്കുന്നത് കേരളത്തിന് അപമാനകരമാണ്.
നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളോട് തനിക്കെന്തെങ്കിലും ആദരവുണ്ടെങ്കിൽ സംസ്ഥാന നവോത്ഥാന സമിതിയുടെ അധ്യക്ഷസ്ഥാനത്തുനിന്നും വെള്ളാപ്പള്ളിയെ നീക്കംചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.