അടിമുടി ദുരൂഹത
Wednesday, July 30, 2025 1:42 AM IST
ചേര്‍ത്തല: രണ്ടു സ്ത്രീകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ ചേര്‍ത്തല പള്ളിപ്പുറം ചെങ്ങത്തറ വീട്ടില്‍ സെബാസ്റ്റ്യൻ (65) അറസ്റ്റിലായതോടെ പല ദുരൂഹതകളുടെയും ചുരുളഴിക്കാമെന്ന കണക്കുകൂട്ടലിലാണ് ക്രൈംബ്രാഞ്ച്.
തിങ്കളാഴ്ച കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് സ്ഥലങ്ങളിൽ കുഴിയെടുത്ത ശേഷമാണ് അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തത്. ശാസ്ത്രീയ പരിശോധനാസംഘവും വിരലടയാള വിദഗ്ധരുമടക്കം വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
പരിശോധനകള്‍ ചൊവാഴ്ച പുലർച്ചെ ഒരു മണിക്കാണ് അവസാനിപ്പിച്ചത്. കോട്ടയത്തെ ക്രൈബ്രാഞ്ചിനോടൊപ്പം ബിന്ദുപത്മനാഭന്‍ തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ക്രൈബ്രാഞ്ച് എസ്പി കെ. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും തെളിവെടുപ്പ് നടത്തി.
കോട്ടയം ഏറ്റുമാന്നൂര്‍ കോട്ടമുറി സ്വദേശി ജയ്നമ്മയെ 2024 ഡിസംബര്‍ 23നാണ് കാണാതായത്. 28ന് സഹോദരന് സാവിയോ മാണിയും പിന്നീടു ഭര്‍ത്താവ് അപ്പച്ചനും പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അവസാനമായി പള്ളിപ്പുറത്തായാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായത്.
മൂന്ന് മാസങ്ങൾക്കു മുമ്പ് കോട്ടയം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിലായിരുന്നു തിങ്കളാഴ്ച സെബാസ്റ്റ്യന്റെ പുരയിടത്തിലെ കാടുകയറിയ പറമ്പിലെ കുഴിയിൽനിന്ന് അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്.
അമിത മദ്യപാനവും വഴിവിട്ട ബന്ധവുമാണ് സെബാസ്റ്റ്യനു കുടുക്കായത്. പരിചയമില്ലാത്തവർക്കുപോലും മദ്യം വാങ്ങിക്കൊടുക്കുന്ന ശീലമാണ് സെബാസ്റ്റ്യനുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിരുന്ന ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശനി ബിന്ദുവിനെ കാണാനില്ലെന്ന കേസിലെ പ്രധാന പ്രതിയും സെബാസ്റ്റ്യനാണ്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽനിന്ന് കണ്ടെത്തിയ അസ്ഥികൾ ബിന്ദു പത്മനാഭന്റേതാണെന്നാണ് ആദ്യം നാട്ടുകാർ കരുതിയത്. പിന്നീടാണ് ജയ്നമ്മയുടെ കാര്യം പുറത്തറിയുന്നത്.
ബിന്ദുവുമായി അടുപ്പമുണ്ടായിരുന്ന സെബാസ്റ്റ്യനും കൂട്ടരും ഭൂമി തട്ടിയെടുത്തെന്നു കാണിച്ച് സഹോദരന് 16 വർഷം മുമ്പ് നല്കിയ പരാതിയിൽ ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സെബാസ്റ്റ്യന്റെ പരിചയക്കാരനായ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തത് കേസില്‍ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്.
ഭൂമി തട്ടിയെടുക്കാന്‍ ബിന്ദു പത്മനാഭനെ പ്രതികള്‍ അപായപ്പെടുത്തിയിട്ടുണ്ടാകാമെന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ചേര്‍ത്തല, പട്ടണക്കാട്, അമ്പലപ്പുഴ, ഇടപ്പള്ളി രജിസ്ട്രാര്‍ ഓഫിസുകള്‍ക്കു കീഴില്‍ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന ഭൂമികളുടെ വില്പന സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് നടത്തിയത്. കൂടാതെ ശാസ്താംകവലയിലെ ഹയറുമ്മ എന്ന വീട്ടമ്മയുടെ തിരോധാനവും സെബാസ്റ്റ്യനിലേക്ക് വിരൽചൂണ്ടുന്നത്.
കാണാതായ ജെയ്നമ്മയുടെ ഫോണിൽനിന്നു കഴിഞ്ഞ ഞായറാഴ്ചയും സഹോദരിക്കു മിസ്ഡ്കോൾ വന്നു. തുടർന്ന് ഇവർ വിവരം ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇതിന്റെ ടവർ ലൊക്കേഷൻ മേലുകാവിൽ ആണെന്നു കണ്ടെത്തി.
തുടർന്ന് അന്വേഷണസംഘവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അന്വേഷണം വഴി തെറ്റിക്കാനും ജയ്നമ്മ മേലുകാവ് ഭാഗത്ത് ഉണ്ടെന്നു വിശ്വസിപ്പിക്കാനും സെബാസ്റ്റ്യന്റെ അറിവോടെയാണ് ഫോൺവിളി ആസൂത്രണം ചെയ്തതതെന്ന് അന്വേഷണസംഘം പറയുന്നു.