ഗോവിന്ദച്ചാമിക്ക് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടില്ലെന്ന്
Wednesday, July 30, 2025 1:42 AM IST
തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിക്കു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ചാടി രക്ഷപ്പെടാൻ ജയിൽ ജീവനക്കാരുടെയോ തടവുകാരുടെയോ സഹായം ലഭിച്ചിട്ടില്ലെന്ന് ഉത്തരമേഖലാ ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ഗോവിന്ദച്ചാമിക്കു തടവു ചാടാൻ തടവുകാരുടെ പിന്തുണയും ലഭിച്ചിട്ടില്ലെന്നും ജയിൽ മേധാവിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
തടവുകാരുടെ ഉണക്കാനിട്ടിരുന്ന തുണികൾ കൂട്ടിക്കെട്ടിയാണു ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇയാളുടെ ഒരു കൈ പാതി മുറിഞ്ഞതാണെങ്കിലും ഇതിന്് മറുകൈ പോലെ അതീവ ശക്തിയുണ്ട്. രണ്ടു കൈ ഉപയോഗിച്ചു ജയിൽ ചാടുന്നതുപോലെതന്നെയാണ് ഇയാൾ കയറിയത്.
ഗോവിന്ദച്ചാമി എല്ലായ്പോഴും പ്രശ്നക്കാരനായതിനാൽ സഹതടവുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. ഇതിനാൽ തടവുകാരുടെ പിന്തുണ ലഭിക്കാൻ ഇടയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പുറത്തുനിന്ന് ഇയാൾക്കു സഹായം ലഭിച്ചോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്.
ഫോണ് രേഖകൾ അടക്കം പരിശോധിച്ചു മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. ജയിലിലെ ഫോണ് ഉപയോഗം സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജയിലഴി അറത്തുമുറിച്ചത് ജയിൽ ജീവനക്കാർ അറിയാതിരുന്നത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യത്തിൽ എന്താണു സംഭവിച്ചതെന്ന് അറിയാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സിസിടിവി നിരീക്ഷണം നടത്താതിരുന്നതിലും ഗുരുതര വീഴ്ചയുണ്ട്. എന്നാൽ, നിരീക്ഷണത്തിനു ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ രോഗിയുമായി ആശുപത്രിയിലേക്കു പോയതാണ് സിസിടിവി നിരീക്ഷണം പാളാൻ ഇടയാക്കിയത്. ജീവനക്കാരുടെ കുറവ് ജയിൽസുരക്ഷയെ ബാധിക്കുന്നുണ്ടെന്ന ന്യായീകരണ പരാമർശവും റിപ്പോർട്ടിലുണ്ട്.