മതപരിവർത്തന നിരോധനനിയമം ഭരണഘടനാവിരുദ്ധം: മാർ പാംപ്ലാനി
Friday, August 1, 2025 1:49 AM IST
അങ്കമാലി: ഭാരതത്തിൽ 11 സംസ്ഥാനങ്ങളിൽ നിലവിലുള്ള മതപരിവർത്തന നിരോധനനിയമം ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണെന്നും പിൻവലിക്കണമെന്നും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
തെറ്റിനെ തെറ്റെന്നു വിളിക്കാനുള്ള ആർജവം രാജ്യത്തെ ക്രൈസ്തവസമൂഹം ആർക്കും പണയം വച്ചിട്ടില്ലെന്നു രാഷ്ട്രീയനേതാക്കൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില് അറസ്റ്റിലായ കന്യാസ്ത്രീമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളം-അങ്കമാലി അതിരൂപത അങ്കമാലിയിൽ നടത്തിയ പ്രതിഷേധാഗ്നി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ പാംപ്ലാനി.
പാവങ്ങൾക്കായി സേവനം ചെയ്തതും ആരുമില്ലാത്തവർക്കായി ആതുരശുശ്രൂഷ ചെയ്തതും എൻഐഎ കോടതിയിൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റമാണെങ്കിൽ ലോകമുള്ളിടത്തോളം കാലം ഭാരതത്തിലെ ക്രൈസ്തവ മിഷനറിമാർ അതു ചെയ്തുകൊണ്ടേയിരിക്കും. ഉത്തരേന്ത്യയിലും ലോകത്തെവിടെയും പാവങ്ങൾക്കൊപ്പം ജീവിച്ച് അവരെ എല്ലാ മനുഷ്യരെയുംപോലെ ജീവിക്കാനുള്ള സുസ്ഥിതിയിലേക്കു കൈപിടിക്കുന്നവരാണ് മിഷനറിമാർ.
ഉത്തരേന്ത്യയിൽ നിർബന്ധിത മതപരിവർത്തനത്തിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത് ഏതാനും സാമൂഹ്യവിരുദ്ധരും കാപാലിക സംഘടനകളുമാണെന്നത് ആശങ്കയുണർത്തുന്നതാണ്. എന്നാൽ സമത്വത്തിന്റെ പേരിൽ അസമത്വം നിറഞ്ഞ മാനദണ്ഡങ്ങളെ മാനിക്കാൻ ഈ സമൂഹത്തിന് ബാധ്യതയില്ല. സാമൂഹ്യവിരുദ്ധർ പോലീസിനെയും നിയമത്തെയും വരുതിയിലാക്കുന്ന സ്ഥിതിയാണ് ഉത്തരേന്ത്യയിലുള്ളത്.
ആരേയും നിർബന്ധിച്ചു മതപരിവർത്തനം നടത്താൻ ഒരിടത്തും ക്രൈസ്തവ സമൂഹം കൂട്ടുനിൽക്കുന്നില്ല. 1947 ൽ ഇന്ത്യയിൽ 2.6 ശതമാനമായിരുന്നു ക്രൈസ്തവർ. ഇപ്പോഴത് 2.4 ശതമാനമായി കുറഞ്ഞുവെന്ന് സർക്കാരിന്റെതന്നെ കണക്കുകൾ വ്യക്തമാക്കുന്നു.
ക്രൈസ്തവർ മതപരിവർത്തനം നടത്തുന്നുവെന്ന സർക്കാരുകളുടെയും ചില സംഘടനക്കാരുടെയും വാദങ്ങൾ നുണയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഏതെങ്കിലും നേതാക്കൾ വന്ന് കേക്കും ലഡുവും തന്നാൽ ക്രൈസ്തവ സഭാനേതാക്കൾ സുവിശേഷത്തിലെ ആദർശങ്ങൾ മറക്കുമെന്ന് ആരും കരുതേണ്ട. ന്യൂനപക്ഷമെങ്കിലും തെറ്റിന്റെ ഏതൊരു പക്ഷത്തെയും അതിജീവിക്കാനുള്ള കരുത്ത് ക്രൂശിതനിൽനിന്നു ലഭിക്കും.
ഗ്രീൻ ഗാർഡൻസ് (എഎസ്എംഐ) സന്യാസിനീ സമൂഹവും അതിന്റെ സ്ഥാപകനായ താപസവര്യൻ ഫാ. കണ്ടത്തിലും സഭയ്ക്കും സമൂഹത്തിനും നൽകിയിട്ടുള്ള സംഭാവനകൾ മഹത്തരമാണ്.
ആരും തുണയില്ലാത്ത രോഗികളെയും നിരാലംബരെയും ചേർത്തുപിടിച്ച സന്യാസിനിമാരെയാണ് സർക്കാർ തുറുങ്കിലടച്ചത്. കാലം മാപ്പു നൽകാത്ത ക്രൂരതയാണ് സന്യാസിനിമാരോടു ഛത്തീസ്ഗഡ് സർക്കാർ ചെയ്തത്.
സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദനയും ദയനീയസാഹചര്യത്തിൽ ജയിലിൽക്കിടക്കുന്പോൾ അവർ ചെയ്ത തെറ്റെന്തെന്ന് സർക്കാരുകൾ വ്യക്തമാക്കണം. നന്മയുടെ പ്രകാശത്തെ കെടുത്താനുള്ള ആസൂത്രിത ശ്രമം രാജ്യത്ത് നടക്കുന്നു.
ജയിലിലടയ്ക്കപ്പെട്ട കന്യാസ്ത്രീമാർ പുറത്തിറങ്ങുംവരെ വിശ്വാസി സമൂഹത്തിന് വിശ്രമമില്ല. ലക്ഷ്യം വച്ചതു നേടുംവരെയും മുന്നോട്ടുവച്ച ചുവടിൽനിന്നു പിന്നോട്ടില്ലെന്നും മാർ പാംപ്ലാനി വ്യക്തമാക്കി.