ശുഭ്മാന്‍ ഗില്ലിന് ഇരട്ട റിക്കാര്‍ഡ്
Friday, August 1, 2025 2:41 AM IST
ലണ്ടന്‍: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇരട്ട റിക്കാര്‍ഡ് സ്വന്തമാക്കി. 35 പന്തില്‍ നാലു ഫോറിന്റെ സഹായത്തോടെ 21 റണ്‍സ് എടുത്ത ഗില്‍, സായ് സുദര്ശനുമായുള്ള ആശയവിനിമയത്തില്‍ വീഴ്ച പറ്റിയതോടെ റണ്ണൗട്ടായി.
റണ്ണിനായി പകുതിയോളം ഓടിയ ഗില്ലിനെ മറുവശത്തുണ്ടായിരുന്ന സായ് സുദര്ശന് തിരിച്ചയയ്ക്കുകയായിരുന്നു. എന്നാല്‍, തിരിഞ്ഞോടാന്‍ ശ്രമിച്ച ഗില്ലിനു ക്രീസില്‍ തിരിച്ചെത്താനായില്ല. ബൗളര്‍ ഗസ് അറ്റ്കിന്‍സണിന്റെ നേരിട്ടുള്ള ഏറില്‍ ഗില്‍ റണ്ണൗട്ട്. രണ്ടാംവട്ടവും മഴയില്‍ മത്സരം മുടങ്ങുന്നതിനു മുമ്പുള്ള ഇന്ത്യയുടെ നിര്‍ഭാഗ്യ മുഹൂര്‍ത്തം.
ഗാവസ്കറിനെ മറികടന്നു
47 വര്‍ഷം പഴക്കമുള്ള സുനില്‍ ഗാവസ്കറിന്റെ റിക്കാര്‍ഡ് ശുഭ്മാന്‍ ഗില്‍ മറികടന്നതായിരുന്നു ഓവല്‍ മൈതാനത്തെ ആദ്യ ഇന്ത്യന്‍ മുഹൂര്‍ത്തം. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്നതിലാണ് സുനില്‍ ഗാവസ്കറിന്റെ റിക്കാര്‍ഡ് ശുഭ്മാന്‍ ഗില്‍ മറികടന്നത്. ഇന്നലെ 21 റണ്‍സ് നേടിയതോടെ ഈ പരമ്പരയില്‍ ഗില്ലിന്റെ റണ്‍സ് സമ്പാദ്യം 743 ആയി. ആദ്യ നാല് ടെസ്റ്റില്‍നിന്ന് 722 റണ്‍സുമായാണ് ഗില്‍ ഓവലില്‍ എത്തിയത്.
1978-79ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഹോം പരമ്പരയില്‍ 732 റണ്‍സ് നേടിയ സുനില്‍ ഗാവസ്കറിന്റെ റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി. ഒമ്പത് ഇന്നിംഗ്സില്‍നിന്നായിരുന്നു ഗാവസ്കറിന്റെ 732 റണ്‍സ്.
സോബേഴ്സിനെയും പിന്തള്ളി
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസമായ ഗാരി സോബേഴ്സിന്റെ റിക്കാര്‍ഡും ശുഭ്മാന്‍ ഗില്‍ ഇന്നലെ തിരുത്തി. ഇംഗ്ലീഷ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സന്ദര്‍ശക ടീം ക്യാപ്റ്റന്‍ എന്ന സോബേഴ്സിന്റെ റിക്കാര്‍ഡാണ് ഗില്‍ മറികടന്നത്. 59 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്നലെ ഓവലിലെ ഹ്രസ്വ ഇന്നിംഗ്സിനിടെ തകര്‍ത്തതെന്നതാണ് ശ്രദ്ധേയം.
1966ല്‍ ഗാരി സോബേഴ്സ് എട്ട് ഇന്നിംഗ്സില്‍നിന്ന് 722 റണ്‍സ് നേടിയതാണ് പഴങ്കഥയായത്. ഒമ്പതാം ഇന്നിംഗ്സില്‍ ഗില്‍ ഈ റിക്കാര്‍ഡ് പിന്തള്ളി. മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ് കഴിഞ്ഞപ്പോള്‍, എട്ട് ഇന്നിംഗ്സില്‍ 722 റണ്‍സ് നേടി സോബേഴ്സിന്റെ റിക്കാര്‍ഡിനൊപ്പം ഗില്‍ എത്തിയിരുന്നു.
മഴ, വിക്കറ്റ്
നാലു മാറ്റങ്ങളുമായാണ് ഇന്ത്യ, അഞ്ചാം ടെസ്റ്റിന് ഇറങ്ങിയത്. മാഞ്ചസ്റ്ററില്‍ കളിച്ച ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, ഷാര്‍ദുള്‍ ഠാക്കൂര്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ക്കു പകരം ആകാശ് ദീപ്, ധ്രുവ് ജുറെല്‍, കരുണ്‍ നായര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ പ്ലേയിംഗ് ഇലവനില്‍ എത്തി.
കഴിഞ്ഞ നാലിലേതുംപോലെ അഞ്ചാം ടെസ്റ്റിലും ഇന്ത്യയെ ടോസ് കടാഷിച്ചില്ല. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (2) വിക്കറ്റിനു മുന്നില്‍ കുടുങ്ങി. സ്കോര്‍ 38ല്‍ നില്ക്കുമ്പോള് കെ.എല്‍. രാഹുല്‍ (14) ബൗള്‍ഡ്. സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും പതുക്കെ സ്കോര്‍ബോര്‍ഡ് ചലിപ്പിക്കുന്നതിനിടെ മഴയെത്തി. 23 ഓവറില്‍ 72/2 എന്ന നിലയില്‍ മത്സരം നിര്‍ത്തിവച്ചു.
മത്സരം പുനരാരംഭിച്ചപ്പോള്‍ നിര്‍ഭാഗ്യ റണ്ണൗട്ടിന്റെ രൂപത്തില്‍ ഗില്ലിനെ (21) ഇന്ത്യക്കു നഷ്ടമായി. അതോടെ ഇന്ത്യ 83/3. സായ് സുദര്‍ശനു കൂട്ടായി കരുണ്‍ നായര്‍ എത്തി. രണ്ടു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും വീണ്ടും മഴ, മത്സരം നിര്‍ത്തി.
കരുണ്‍ പ്രതിരോധം
മഴ മാറി കളി പുനരാരംഭിച്ചപ്പോൾ ഇന്ത്യക്കു വീണ്ടും തിരിച്ചടി നേരിട്ടു. പൊരുതി നിന്ന സായ് സുദർശനെ ജോഷ് ടങ് പുറത്താക്കി. 108 പന്തിൽ 38 റണ്‍സ് നേടിയ സായ് സുദർശൻ വിക്കറ്റിനു പിന്നിൽ ജേമി സ്മിത്തിനു ക്യാച്ച് നൽകിയാണ് മടങ്ങിയത്.
രവീന്ദ്ര ജഡേജ (9), ധ്രുവ് ജുറെൽ (19) എന്നിവർക്കു പ്രതിരോധം തീർക്കാനായില്ല. എന്നാൽ, പൊരുതിനിന്ന കരുണ്‍ നായറും (43 നോട്ടൗട്ട്) വാഷിംഗ്ടണ്‍ സുന്ദറും (8 നോട്ടൗട്ട്) ചേർന്ന് 58 ഓവർ പൂർത്തിയായപ്പോൾ 184/6 എന്ന നിലയിലെത്തിച്ചു.