ദീർഘകാല അവധിയിലേക്കെന്ന്് പെപ് ഗ്വാർഡിയോള
Wednesday, July 30, 2025 2:29 AM IST
ബാഴ്സലോണ: നിലവിൽ ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളാണ് പെപ് ഗ്വാർഡിയോള. നിലവിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ 54കാരൻ ക്ലബ്ബിനൊപ്പം പ്രീമിയർ ലീഗ്, ചാന്പ്യൻസ് ലീഗ് ഉൾപ്പെടെ പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കി.
ബാഴ്സലോണയെയും ബയേണ്‍ മ്യൂണികിനെയും പരിശീലിപ്പിച്ചശേഷം 2016ലാണ് പെപ് ഇംഗ്ലണ്ടിലെത്തിയത്. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിച്ചാൽ ഫുട്ബോളിൽ നിന്ന് ദീർഘകാല അവധിയെടുക്കുമെന്ന് പെപ് ഗ്വാർഡിയോള അറിയിച്ചു. സിറ്റി മാനേജ്മെന്റിന്റെ സമ്മർദം തന്നെ തളർത്തിയെന്നും ഗ്വാർഡിയോള പറഞ്ഞു. സിറ്റിയുമായി 2027 വരെയാണ് കരാറുള്ളത്.
ഇടവേള പതിനഞ്ചുവർഷംവരെ നീണ്ടുനിന്നേക്കാ മെന്നും മാനസികവും ശാരീരികവുമായി കരുത്ത് വീണ്ടെടുക്കാൻ ദീർഘ ഇടവേള ആവശ്യമാണെന്നും അന്പത്തിനാലുകാരനായ ഗ്വാർഡിയോള പറഞ്ഞു. 1990 മുതൽ 2001 വരെ ബാഴ്സലോണയുടെ താരമായിരുന്ന ഗ്വാർഡിയോള പരിശീലകനായുളള ജൈത്രയാത്ര തുടങ്ങുന്നതും കാറ്റലൻ ക്ലബ്ബിനൊപ്പം 2008ലാണ്.
അതേസമയം കിരീടമില്ലാതെയാണ് സിറ്റി കഴിഞ്ഞ സീസണ് അവസാനിപ്പിച്ചത്. ചാന്പ്യൻസ് ലീഗിലും ക്ലബ് ലോകകപ്പിലുമെല്ലാം ക്ലബിന് തിരിച്ചടി നേരിട്ടു.