സ്റ്റോക്സ്, ആര്‍ച്ചര്‍ ഇല്ല ; ഇംഗ്ലണ്ടിനെ ഒല്ലി പോപ്പ് നയിക്കും
Wednesday, July 30, 2025 11:02 PM IST
ലണ്ടന്‍: ഇന്ത്യക്കെതിരേ ഇന്നാരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ൽസ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പ്രഖ്യാപിച്ചു.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എന്നിവരെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. വലതു തോളിലെ പരിക്കിനെത്തുടര്‍ന്നാണ് സ്റ്റോക്സിനെ അഞ്ചാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കിയതെന്ന് ഇസിബി അറിയിച്ചു.
സ്റ്റോക്സിനു പകരം ഒല്ലി പോപ്പാണ് ഇംഗ്ലണ്ടിനെ നയിക്കുക. നാലു മത്സരങ്ങളിലായി 140 ഓവര്‍ എറിഞ്ഞ സ്റ്റോക്സ് 17 വിക്കറ്റ് നേടിയിരുന്നു. ആന്ഡേഴ്സണ് - തെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പരയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്റ്റോക്സിനാണ്. രണ്ടു മത്സരം കളിച്ച ആര്‍ച്ചറിന് ഒമ്പത് വിക്കറ്റാണുള്ളത്. ഒരു സെഞ്ചുറി അടക്കം 304 റണ്‍സും സ്റ്റോക്സ് നേടിയിരുന്നു.
നാലു മാറ്റങ്ങള്‍; സ്പിന്നര്‍ ഇല്ല
നാലാം ടെസ്റ്റില്‍ കളിച്ച പ്ലേയിംഗ് ഇലവനില്‍ നാലു മാറ്റങ്ങളുമായാണ് ഓവല്‍ മത്സരത്തിനുള്ള 11 അംഗ സംഘത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ നാല് ടെസ്റ്റിനെ അപേക്ഷിച്ച്, സ്പെഷലിസ്റ്റ് സ്പിന്നര്‍ ഇല്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.
ഷൊയ്ബ് ബഷീര്‍, ലിയാം ഡൗസണ്‍ എന്നിവരായിരുന്നു കഴിഞ്ഞ നാലു മത്സരങ്ങളിലും ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനില്‍ സ്പെഷലിസ്റ്റ് സ്പിന്നര്‍മാര്‍. പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ച ബാറ്റിംഗ് ഓള് റൗണ്ടറായ ജേക്കബ് ബെഥേല്‍ സ്പിന്നറാണ്. പേസര്‍മാരായ ഗസ് ആറ്റ്കിന്സണ്, ജേമി ഓവര്ട്ടന്, ജോഷ് ടോങ് എന്നിവരും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടു. ലിയാം ഡൗസണ്‍, ബ്രൈഡന്‍ കാഴ്സ് എന്നിവരാണ് പുറത്തായ മറ്റു രണ്ടുപേര്‍.
ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവന്: സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജേമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ഗസ് ആറ്റ്കിന്സണ്, ജേമി ഓവര്ട്ടണ്, ജോഷ് ടോങ്.