ഇന്ത്യ കളിക്കില്ല; പാക്കിസ്ഥാന് ഫൈനലില്‍
Wednesday, July 30, 2025 11:02 PM IST
ലണ്ടന്‍: ലെജന്റ്സ് ലോക ചാമ്പ്യന്‍ഷിപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരേ വാക്കൗട്ട് തുടര്‍ന്ന് ഇന്ത്യ. ഇന്നു പാക്കിസ്ഥാനെതിരേ നടക്കേണ്ട സെമി ഫൈനല്‍ ഇന്ത്യന്‍ ലെജൻഡ്സ് ഉപേക്ഷിച്ചു. അതോടെ പാക്കിസ്ഥാന് ചുളുവില്‍ ഫൈനലിലേക്കു മുന്നേറി.
ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ ജേതാക്കളെ പാക്കിസ്ഥാന് ഫൈനലില്‍ നേരിടും. ലീഗ് റൗണ്ടില്‍ അഞ്ചില്‍ നാലു മത്സരങ്ങള്‍ ജയിച്ച് പാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഒരു ജയത്തോടെ മൂന്നു പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനക്കാരായി സെമിയിലെത്തി.
യുവരാജ് സിംഗാണ് ഇന്ത്യന്‍ ലെജൻഡ്സ് ടീമിന്റെ ക്യാപ്റ്റന്‍. ശിഖര്‍ ധവാന്, സുരേഷ് റെയ്ന, സ്റ്റൂവര്‍ട്ട് ബിന്നി, ഇര്ഫാന് പഠാന്, യൂസഫ് പഠാന്, ഹര്ഭജന് സിംഗ്, റോബിന് ഉത്തപ്പ, പീയൂഷ് ചൗള തുടങ്ങിയവരാണ് ഇന്ത്യന്‍ ലെജന്റ്സ് ടീമിലുള്ളത്.
പാക്കിസ്ഥാനെതിരേ ഈ മാസം 20നു നടക്കേണ്ടിയിരുന്ന ലീഗ് മത്സരത്തില്‍നിന്നും ഇന്ത്യന്‍ ലെജൻഡ്സ് വിട്ടുനിന്നിരുന്നു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാക്കിസ്ഥാനെതിരേ ലെജൻഡ്സ് ചാമ്പ്യന്‍ഷിപ്പിലെ ഒരു മത്സരം പോലും കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, യുഎഇയില്‍ നടക്കാനിരിക്കുന്ന പുരുഷ ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സെപ്റ്റംബര്‍ 14ന് ഏറ്റുമുട്ടും.