വാഷിംഗ്ടണ്ന് അവഗണന; വിമർശിച്ച് പിതാവ്
Wednesday, July 30, 2025 2:29 AM IST
ചെന്നൈ: ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടും വാഷിംഗ്ടണ്‍ സുന്ദർ നേരിടുന്നത് തികഞ്ഞ അവഗണനയാണെന്ന വിമർശനവുമായി താരത്തിന്റെ പിതാവ് സുന്ദർ രംഗത്ത്. ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു താരവും നേരിടാത്ത തരം അവഗണനയാണ് വാഷിംഗ്ടണ്‍ സുന്ദർ നേരിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരായ ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം ടെസ്റ്റിൽ വാഷിംഗ്ടണിന്റെ സെഞ്ചുറി പ്രകടനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ വാഷിംഗ്ടണ്‍ ഇന്ത്യക്ക് വിലപ്പെട്ട സമനില സമ്മാനിക്കുന്നതിൽ നിർണായക സംഭാവന നൽകിയിരുന്നു.
മികച്ച പ്രകടനം കാഴ്ചവച്ചാലും ഒന്നോ രണ്ടോ മത്സരങ്ങളിൽ തിളങ്ങിയില്ലെങ്കിൽ വാഷിംഗ്ടണ്നെ പുറത്തിരുത്താനുള്ള പ്രവണത ശക്തമാണ്. സെലക്ടർമാർ ദയവുചെയ്ത് മകന്റെ പ്രകടനം വേണ്ടവിധം കാണണമെന്നും സുന്ദർ ആവശ്യപ്പെട്ടു.
ലോഡ്സ് ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സില്‍ വാഷിംഗ്ടണ്‍ സുന്ദർ നാലു വിക്കറ്റും വീഴ്ത്തിയിരുന്നു.
ഐപിഎലിൽ വാഷിംഗ്ടണിന്റെ ടീമായ ഗുജറാത്ത് ടൈറ്റൻസും താരത്തിനെ സ്ഥിരമായി ഉപയോഗിച്ചില്ലെന്ന് സുന്ദർ ചൂണ്ടിക്കാട്ടി.
2017ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് വാഷിംഗ്ടണ്‍. 2021ൽ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. വെറും 11 ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. 44.86 എന്ന മികച്ച ബാറ്റിംഗ് ശരാശരിയും 27.87 എന്ന ബൗളിംഗ് ശരാശരിയും അദ്ദേഹത്തിനുണ്ട്.