ഏഷ്യൻ കപ്പ്: ഇന്ത്യൻ പോരാട്ടം ഗ്രൂപ്പ് സിയിൽ
Wednesday, July 30, 2025 2:29 AM IST
സിഡ്നി: 2026 വനിതാ എഎഫ്സി ഏഷ്യൻ കപ്പിൽ ഇന്ത്യ ഗ്രൂപ്പ് സിയിൽ പോരാടും. റാങ്കിംഗിൽ ഏഴാം സ്ഥാനത്തുള്ള ജപ്പാനടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യൻ പോരാട്ടം. ഇരു ടീമിനും പുറമേ വിയറ്റ്നാം (37-ാം റാങ്ക്), ചൈനീസ് തായ്പേയ് (42-ാം റാങ്ക്) എന്നീ ടീമുകൾ ഉൾപ്പെട്ടതാണ് ഗ്രൂപ്പ് സി. ഇന്നലെ സിഡ്നി ടൗണ്‍ ഹാളിൽ നടന്ന ഔദ്യോഗിക നറുക്കെടുപ്പിലൂടെയാണ് ഗ്രൂപ്പ് നിർണയിച്ചത്.
ഏഷ്യൻ കപ്പിൽ മെറിറ്റ് അടിസ്ഥാനത്തിൽ ഇന്ത്യ സ്ഥാനം ഉറപ്പാക്കുന്നത് ഇതാദ്യമാണ്. ജൂണ്‍ 23 മുതൽ ജൂലൈ 19 വരെ നടന്ന യോഗ്യതാ മത്സരങ്ങളിലൂടെ എട്ട് ടീമുകൾ 21-ാം പതിപ്പിൽ പ്രവേശിച്ചു. ഉയർന്ന റാങ്കുള്ള തായ്ലൻഡിനെതിരേ ചരിത്ര വിജയത്തോടെയാണ് ഇന്ത്യ സ്ഥാനം ഉറപ്പിച്ചത്.
ആതിഥേയരായ ഓസ്ട്രേലിയയ്ക്കൊപ്പം ഇന്ത്യ കൂടാതെ ബംഗ്ലാദേശ്, ചൈനീസ് തായ്പേയ്, ഉത്തര കൊറിയ, ഇറാൻ, ഫിലിപ്പീൻസ്, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നിവരും എഎഫ്സി വനിതാ ഏഷ്യൻ കപ്പിൽ മത്സരിക്കും.
നിലവിലെ ചാന്പ്യൻമാരായ ചൈന, റണ്ണേഴ്സ് അപ്പായ ദക്ഷിണ കൊറിയ, മൂന്നാം സ്ഥാനക്കാരായ ജപ്പാൻ എന്നിവർ നേരിട്ട് മത്സരത്തിന് യോഗ്യത നേടിയിരുന്നു.