700+ ഗില്‍; ഇംഗ്ലണ്ടിൽ ചരിത്രം കുറിച്ച് ശുഭ്മാൻ ഗിൽ
Monday, July 28, 2025 1:22 AM IST
മാഞ്ചസ്റ്റര്‍: ചരിത്ര നേട്ടം കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടിന് എതിരായ ആന്ഡേഴ്സണ് - തെണ്ടുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിലെ സെഞ്ചുറിയോടെയാണ് ശുഭ്മാന്‍ ഗില്ലിന്റെ ചരിത്ര നേട്ടം.
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ഗില്‍ 238 പന്തില്‍ 103 റണ്‍സ് നേടി. പരമ്പരയില്‍ ഇതിനോടകം ഒരു ഡബിള്‍ സെഞ്ചുറി അടക്കം കുറിച്ച ഗില്‍, 722 റണ്‍സ് നേടി. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ 700 റണ്‍സ് കടക്കുന്ന ആദ്യ ഏഷ്യന്‍ താരമാണ് ഗില്‍. മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ അവസാനദിനമായ ഇന്നലെയായിരുന്നു ഗില്ലിന്റെ സെഞ്ചുറി.
ബ്രാഡ്മാനും ഗാവസ്കറിനും ഒപ്പം
25കാരനായ ഗില്‍, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇതിനോടകം എട്ട് ഇന്നിംഗ്സില്‍നിന്ന് നാല് സെഞ്ചുറിയുള്‍പ്പെടെ (ഒരു ഡബിള്‍) 722 റണ്‍സ് നേടി. 1106 പന്ത് നേരിട്ടാണ് ഗില്‍ ഇത്രയും റണ്‍സ് എടുത്തത്. 90.25 ആണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ നാലു പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗില്ലിന്റെ ശരാശരി.
ഒരു പരമ്പരയില്‍ 700ല്‍ അധികം റണ്‍സ് നേടുന്ന ചരിത്രത്തിലെ എട്ടാമത് ക്യാപ്റ്റനാണ് ഗില്‍. ഓസ്ട്രേലിയന്‍ ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന് അടക്കമുള്ളവര്‍ക്കൊപ്പവും ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എത്തി. ബ്രാഡ്മാന്, ഗാരി സോബേഴ്സ്, ഗ്രെഗ് ചാപ്പല്‍, സുനില്‍ ഗാവസ്കര്‍, ഡേവിഡ് ഗവര്, ഗ്രഹാം ഗൂച്ച്, ഗ്രെയിം സ്മിത്ത് എന്നിവരാണ് ഒരു പരമ്പരയില്‍ 700ല്‍ അധികം റണ്‍സ് നേടിയ മുന്‍ ക്യാപ്റ്റന്മാര്.
മൂന്നാമത് ഇന്ത്യക്കാരന്
ഒരു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്കായി 700 റണ്‍സില്‍ അധികം സ്വന്തമാക്കുന്ന മൂന്നാമത് ബാറ്ററാണ് ശുഭ്മാന്‍ ഗില്‍. സുനില്‍ ഗാവസ്കര്‍ ഈ നേട്ടം രണ്ടു തവണ സ്വന്തമാക്കി. ഏറ്റവും ഒടുവില്‍ ഈ നേട്ടം സ്വന്തമാക്കിയത് 2024ല്‍ ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ ഹോം പരമ്പരയില്‍ യശസ്വി ജയ്സ്വാളായിരുന്നു. ഒരു പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് എന്ന സുനില്‍ ഗാവസ്കറിന്റെ (774) 54 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡിലേക്ക് ഗില്ലിന് 52 റണ്‍സ്കൂടി മതി എന്നതും ശ്രദ്ധേയം.
ഗില്ലിന്റെ 4-ാം സെഞ്ചുറി
ഇംഗ്ലണ്ടിനെതിരേ നിലവില്‍ നടക്കുന്ന ആന്ഡേഴ്സണ് - തെണ്ടുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ നാലാം സെഞ്ചുറിയാണ് ഇന്നലെ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ കുറിക്കപ്പെട്ടത്. ഇതോടെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത് ഇന്ത്യന്‍ താരമായി ഗില്‍.
സുനില്‍ ഗാവസ്കര്‍, വിരാട് കോഹ്ലി എന്നിവര്‍ മാത്രമാണ് ഒരു പരമ്പരയില്‍ നാല് സെഞ്ചുറി ഇതിനു മുമ്പ് സ്വന്തമാക്കിയ ഇന്ത്യക്കാര്‍. ഗാവസ്കര്‍ ഈ നേട്ടം രണ്ടു തവണ സ്വന്തമാക്കി. 1971ലും 1978ലും വെസ്റ്റ് ഇന്‍ഡീസിന് എതിരേയായിരുന്നു ഗാവസ്കര്‍ ഒരു പരമ്പരയില്‍ നാല് സെഞ്ചുറി കുറിച്ചത്. 2014-15 ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു കോഹ്ലിയുടെ നാല് സെഞ്ചുറി.