തോട്ടിലേക്ക് പൊട്ടിവീണ വൈദ്യുത കന്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
Monday, July 28, 2025 5:48 AM IST
വേങ്ങര: തോട്ടിലേക്കു പൊട്ടിവീണ വൈദ്യുത കന്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്കടുത്ത് കണ്ണമംഗലം അച്ചനന്പലം പരേതനായ പുള്ളാട്ട് അബ്ദുൾ മജീദിന്റെ മകൻ അബ്ദുൾ വദൂദ് (17) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ വേങ്ങര വെട്ടുതോടിലായിരുന്നു അപകടം.
മൂന്നു സഹപാഠികൾക്കൊപ്പം തോട്ടിൽ കുളിക്കാൻ പോയതായിരുന്നു വദൂദ്. കുളിക്കടവിൽനിന്നു നൂറു മീറ്റർ താഴോട്ട് നീന്തി കരയിലേക്കു കയറുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടിയാണ് അബ്ദുൾ വദൂദിനു ഷോക്കേറ്റത്. കൂടെയുണ്ടായിരുന്ന കൂട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ കെഎസ്ഇബിയെ വിവരമറിയിക്കുകയും വൈദ്യുതി ഓഫ് ചെയ്യിക്കുകയുമായിരുന്നു.
വേങ്ങര അൽ ഇഹ്സാൻ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയും അച്ചനന്പലം തോട്ടുങ്ങൽ യൂണിറ്റ് എസ്എസ്എഫ് സെക്രട്ടറിയുമാണ്. മൃതദേഹം തിരൂരങ്ങാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് അച്ചനന്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. അമ്മ: സഫിയ. സഹോദരങ്ങൾ: റസിയത്ത്, ദാവൂദ്, ഇസ്മായിൽ, മുഹമ്മദ് ആരിഫ്, ആലിയ, മുഹീനുദ്ദീൻ ഷാ.