കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ; ഫാർമസികളിൽ ഇനി സിസിടിവിയും
Sunday, July 27, 2025 12:44 AM IST
കൊല്ലം: കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും സിസിടിവി കാമറകൾ നിർബന്ധമാക്കും.
നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഒഫ് ചൈൽഡ് റൈറ്റ്സ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, നാർക്കോട്ടിക്ക് കോ-ഓർഡിനേഷൻ സെന്റർ എന്നിവ സംയുക്തമായാണ് ഇതു സംബന്ധിച്ച നിർദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുള്ളത്. നിയന്ത്രിത മരുന്നുകൾ പ്രായപൂർത്തിയാകാത്തവർക്ക് വിൽക്കുന്നത് തടയാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്.
കോഡീൻ അധിഷ്ഠിത ചുമ സിറപ്പുകൾ, ഗുളികകൾ, കാപ്സ്യൂളുകൾ എന്നിവ പോലുള്ള സാധാരണയായി ദുരുപയോഗം ചെയ്യപ്പെടുന്ന മരുന്നുകളുടെ വിൽപ്പനയാണ് പുതിയ നിരീക്ഷണ നടപടി ലക്ഷ്യമിടുന്നത്.
രാജ്യത്ത് പ്രായപൂർത്തിയാകത്തവർക്കിടയിൽ ഇത്തരം ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന ആശങ്കാജനകമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് കർശന നടപടിക്ക് അധികൃതർ തീരുമാനമെടുത്തിട്ടുള്ളത്. വേദനസംഹാരി ഗുളികകളും അപസ്മാരത്തിനുള്ള മരുന്നുകളും കൗമാരക്കാർ വ്യാപകമായി വാങ്ങി ദുരുപയോഗിക്കുന്നു എന്നാണ് കണ്ടെത്തൽ.
രാജ്യത്തെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ വ്യാപ്തിയും രീതികളും സംബന്ധിച്ച ദേശീയ സർവേ പ്രകാരം 10-17 വയസുള്ള 20 ലക്ഷം പേർ ഇത്തരത്തിലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ഇന്ത്യൻ കുട്ടികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചുള്ള സർവേയാണ് നാഷണൽ ഡ്രഗ് ഡിസ്പെൻസ് ട്രീറ്റ് മെന്റ് സെന്റർ വഴി നടത്തിയ പഠനത്തെത്തുടർന്ന് പുറത്തിറക്കിയ കണക്കുകൾ.
ഇതിന്റെ അടിസ്ഥാനത്തിൽ, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇരട്ട ഉപയോഗ മരുന്നുകളുടെ വിൽപ്പന നിർത്താനും തടയാനും നിരുത്സാഹപ്പെടുത്താനും നിർദേശവും നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് എല്ലായിടത്തും ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും സിസിടിവി കാമറകൾ നിർബന്ധമായും സ്ഥാപിക്കാൻ നിഷ്കർഷിച്ചിട്ടുള്ളത്.
അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർമാർ, ഡ്രഗ്സ് ഇൻസ്പെക്ടർമാർ എന്നിവർ പുതിയ നിയന്ത്രണങ്ങൾ നിരീക്ഷിച്ച് കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
റീട്ടെയിൽ ഡിസ്ട്രിബ്യൂഷൻ കെമിസ്റ്റ് അലയൻസ് എന്ന സംഘടന അവരുടെ അംഗങ്ങളോട് തങ്ങളുടെ സ്ഥാപനങ്ങളിലെല്ലാം സിസിടിവി കാമറകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.