മരംമുറിക്കലും കെട്ടിടം അറ്റകുറ്റപ്പണിയും ഹെഡ്മാസ്റ്റർമാരുടെ ഉത്തരവാദിത്തമല്ലെന്ന്
Sunday, July 27, 2025 1:34 AM IST
തിരുവനന്തപുരം: സ്കൂളുകളിലെ മരംമുറിക്കലും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും അടക്കമുള്ളവയുടെ ഉത്തരവാദിത്വം ഹെഡ്മാസ്റ്റർമാർക്കല്ലെന്ന് കേരള പ്രൈവറ്റ് സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ.
സ്കൂൾ കെട്ടിടങ്ങളുടെയും കോന്പൗണ്ടിന്റെയും ഉടമ സ്കൂൾ മാനേജ്മെന്റാണ്. മാനേജർമാർക്കാണ് സുരക്ഷയുടെ ചുമതല. ഹെഡ്മാസ്റ്റർമാർക്ക് അക്കാദമിക് കാര്യങ്ങളുടെ ചുമതലയാണുള്ളത്.
അടുത്തകാലത്തായി സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ടു സർക്കാർ ഇറക്കുന്ന എല്ലാ ഉത്തരവുകളിലും സുരക്ഷയുടെ ഉത്തരവാദിത്വം ഹെഡ്മാസ്റ്റർമാർക്കാണെന്നും ഭാരിച്ച തുക മുടക്കി ഇതു ചെയ്തില്ലെങ്കിൽ എല്ലാ നഷ്ടങ്ങൾക്കും ഉത്തരവാദി ഹെഡ്മാസ്റ്റർമാരാണെന്നും പറയുന്നു. ഇത്തരം ഉത്തരവ് തിരുത്താൻ സർക്കാർ തയാറാകണം.
എയഡഡ് സ്കൂളുകൾക്ക് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് സർക്കാരിൽനിന്നു ഫണ്ട് അനുവദിക്കണം. എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണംകൂടി കണക്കിലെടുത്താണ് കേന്ദ്രം വിദ്യാഭ്യാസഫണ്ട് അനുവദിക്കുന്നത്. അത് എയ്ഡഡ് സ്കൂളിനു നൽകാതെ സർക്കാർ സ്കൂളിനു മാത്രം നൽകുന്നതു നീതിയല്ല.
വിദ്യാർഥികളിൽ സാമൂഹിക സേവനത്തിനുള്ള പ്രായോഗിക ജ്ഞാനം ലഭിക്കുന്നതിനായി സംസ്ഥാനം നടപ്പാക്കുന്ന സ്കൂൾ സോഷ്യൽ വർക്ക് സ്കീം സർക്കാർ സ്കൂളുകൾക്കു മാത്രമായി പരിമിതപ്പെടുത്തിയത് പുനഃപരിശോധിക്കണം.
വിദ്യാർഥികളിൽ സാമൂഹിക അവബോധം വളർത്തുന്ന പദ്ധതിയിൽനിന്ന് എയ്ഡഡ് സ്കൂളിനെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.