ലോക സമാധാന കൂട്ടായ്മയില്‍ മൂന്ന് മലയാളി വിദ്യാര്‍ഥിനികളും
Sunday, July 27, 2025 12:44 AM IST
കൊച്ചി: വിയറ്റ്നാമിലെ ദനാംഗില്‍ നടക്കുന്ന ലോക സമാധാന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മലയാളി വിദ്യാര്‍ഥിനികള്‍ യാത്ര തിരിച്ചു.
തൃക്കാക്കര സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം എച്ച്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ദിയ ശര്‍മ, ചങ്ങനാശേരി സ്വദേശിയായ എലിസബത്ത് അനീഷ്, കോഴിക്കോട് രാമനാട്ടുകരയില്‍നിന്നുള്ള ഹൃതിക എന്നീ മലയാളി വിദ്യാർഥിനികളാണ് വിയറ്റ്നാമില്‍ നടക്കുന്ന ഏഴു ദിവസത്തെ ഗ്ലോബല്‍ യൂത്ത് എക്സ്ചേഞ്ച് ഫോര്‍ പീസ് പ്രോഗ്രാമില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഹൈക്കോടതി അഭിഭാഷനായ രെഖേഷ് ശര്‍മ-സ്മാര്‍ട്ട് സിറ്റി ഉദ്യോഗസ്ഥ ജിസ്ന രാജ് ദമ്പതികളുടെ മകളാണ് ദിയശർമ.
ഹോചിമിന്‍ സിറ്റി യംഗ് ബിസിനസ് അസോസിയേഷന്, ഹോപ്പ് ഇന്റര്‍നാഷണല്‍ സ്കൂള്‍, ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ സൈഗോണ്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി യുവാക്കളുടെ നേതൃത്വശേഷി വര്‍ധിപ്പിക്കുന്നതിനും ലോക സമാധാനത്തിനായുള്ള പ്രതിബദ്ധത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടിട്ടുള്ളതാണ്.
സംഘം വിയറ്റ്നാമിലെ യുദ്ധസ്മാരകങ്ങളായ വിന് മോക്ക് ടണലുകള്‍, ക്വാംഗ് ട്രി സിറ്റാഡല്‍, ഡാ നാംഗ് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഹോപ്പ് സ്കൂളിലെ വിദ്യാര്‍ഥികളുമായുള്ള സംവാദങ്ങള്‍, ലാവാങ് ചര്‍ച്ചില്‍ സന്ദര്‍ശനം, ഗ്രാമീണ വിദ്യാലയങ്ങളില്‍ ലൈബ്രറികള്‍ നിര്‍മിക്കുക, യുദ്ധവിരുദ്ധ കാമ്പയിന് സംഘടിപ്പിക്കുക, ഇന്ത്യയുടെ സാംസ്കാരിക കലാരൂപങ്ങള്‍ അവതരിപ്പിക്കുക, സോണ്‍ട്രാ പെനിന്‍സുലയിലേക്കുള്ള ട്രെക്കിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഈ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമാണ്.