പട്ടികജാതി ഫണ്ട് തട്ടിപ്പ്: കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്ന് ബിജെപി
Sunday, July 27, 2025 1:34 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ വിവിധ പദ്ധതികളിലായി സംസ്ഥാനത്തെ പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങൾക്ക് അനുവദിച്ച കോടികൾ അർഹർക്ക് നൽകാതെ ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും കൈക്കലാക്കിയതു സംബന്ധിച്ച് സമഗ്രാന്വേഷണത്തിന് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർ അറിയിച്ചു.
വ്യക്തമായ തെളിവുകളുണ്ടായിട്ടും സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം അട്ടിമറിക്കുകയാണെന്ന് കുമ്മനം പറഞ്ഞു. കേന്ദ്ര സർക്കാർ പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങൾക്കായി നൽകിയ 6,600 കോടി രൂപയാണ് സംസ്ഥാനം വകമാറ്റി ചെലവഴിച്ചതും ഉപയോഗിക്കാതെ നഷ്ടപ്പെടുത്തിയതും.
അർഹരായവർക്ക് സഹായം നൽകാതെ വ്യാജരേഖകളുണ്ടാക്കി പട്ടികജാതി ഫണ്ട് സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്കും ചില ഉദ്യാഗസ്ഥരുടെ അക്കൗണ്ടുകളിലേക്കുമാണ് പോയത്. പരാതികളുയർന്നപ്പോൾ പോലീസ് ചില കേസുകളെടുത്തെങ്കിലും പ്രതികളുടെ അറസ്റ്റോ തുടർ നടപടികളോ ഉണ്ടായില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് വലിയതോതിൽ ഫണ്ട് വെട്ടിപ്പും അഴിമതിയും നടന്നത്. മൈക്രോ ബിസിനസ് പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം കോർപറേഷനിൽ അനുവദിച്ച ഫണ്ട് അനർഹരുടെ അക്കൗണ്ടിലേക്കാണ് പോയത്.
വായ്പയൊന്നും എടുക്കാത്ത വ്യക്തികൾക്ക് ഈ പദ്ധതിയുടെ പേരിലുള്ള സബ്സിഡി പണം അനുവദിച്ചു എന്ന വളരെ ഗുരുതരമായ കുറ്റവും തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായി. ഇതിലൂടെ 5.79 കോടിരൂപയാണ് അപഹരിച്ചത്.
വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നിർമിച്ച് തിരുവനന്തപുരം കോർപറേഷനിൽ നിന്നും വൻതുക കൈക്കലാക്കി. എസ്സി വനിതാ ഗ്രൂപ്പുകളിൽപ്പെട്ടവർക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ച പദ്ധതികളിൽ നിന്നാണ് ഇത്തരത്തിൽ വ്യാജരേഖകളുണ്ടാക്കി കോടികൾ തട്ടിച്ചതെന്ന് ഇവർ പറഞ്ഞു.