വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് വി.ഡി. സതീശൻ
Sunday, July 27, 2025 1:34 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിനു കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വിവരശേഖരണത്തിനെത്തിയ ഉദ്യോഗസ്ഥർ സിപിഎം പ്രദേശിക നേതാക്കളുടെ സഹായത്തോടെയാണ് വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ജൂലൈ 23ന് പ്രസിദ്ധീകരിച്ച തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകളാണുള്ളത്. വാർഡിന്റെ ഡീലിമിറ്റേഷൻ പൂർത്തിയാക്കി വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടും വാർഡിന്റെ സ്കെച്ച് നൽകിയിട്ടില്ല. എന്നിട്ടാണ് 15 ദിവസത്തിനുള്ളിൽ വോട്ട് ചേർക്കണമെന്നു പറയുന്നത്. ഇത് ഒരു കാലത്തും ഇല്ലാത്ത നിബന്ധനയാണെന്നും സതീശൻ പറഞ്ഞു.
പഞ്ചായത്തീ രാജ് നിയമത്തിലെ സെക്ഷൻ 24 പ്രകാരം നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതിക്കും, തെരഞ്ഞെടുപ്പു നടക്കുന്ന ദിവസത്തിനും ഇടയിൽ വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കാൻ പാടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്.
അതായത് ഇലക്ഷൻ നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി വരെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിൽ യാതൊരു തടസവുമില്ല. എന്നിട്ടും പട്ടികയിലെ തെറ്റു തിരുത്താനുള്ള സമയപരിധി 15 ദിവസമാക്കി ചുരുക്കിയതിനു പിന്നിൽ പ്രത്യേക താത് പര്യങ്ങളുണ്ട്. ക്രമക്കേടുകൾ പരിഹരിക്കപ്പെടാതിരിക്കാനുള്ള ശ്രമമാണു നടക്കുന്നത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം
ഒരു വോട്ട് മാത്രം ചെയ്യേണ്ട പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരു ബൂത്തിൽ 1100 വോട്ടായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിജപ്പെടുത്തിയിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ റൂറൽ മേഖലകളിൽ 1300 വോട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രാത്രി പത്തു മണി ആയാലും പോളിംഗ് തീരാത്ത തരത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണു നടത്തുന്നത്. പട്ടികയിലെ തെറ്റുതിരുത്താനുള്ള സമയപരിധി കുറഞ്ഞത് 30 ദിവസമായി ഉയർത്തണം. പുനഃപരിശോധനയ്ക്ക് കമ്മീഷൻ തയാറായില്ലെങ്കിൽ യുഡിഎഫ് നിയമപരമായി നേരിടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഹൈക്കോടതിയുടെ നിർദേശംപോലും ലംഘിച്ച് സിപിഎമ്മിന്റെ സൗകര്യത്തിനുവേണ്ടിയാണ് വാർഡ് വിഭജനം നടത്തിയത്. അതിനെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷനും കൂട്ടുനിന്നു. പരാതികൾപോലും പരിശോധിക്കാതെയാണ് കമ്മീഷൻ തീരുമാനമെടുത്തിരിക്കുന്നത്. അങ്ങനെയെങ്കിലും ജയിക്കാൻ പറ്റുമോയെന്നാണ് സിപിഎം നോക്കുന്നത്.
ബിഹാറിൽ വോട്ടർ പട്ടിക അട്ടിമറിച്ചതിനെതിരേ ഡൽഹിയിൽ സമരം നടക്കുകയാണ്. ഇവിടെയും അതുതന്നെയാണു നടക്കുന്നത്. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പല തദ്ദേശ സെക്രട്ടറിമാരും സിപിഎം നേതാക്കൾക്ക് പട്ടിക ചോർത്തിക്കൊടുത്തു. കേരളചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത തരത്തിലുള്ള അട്ടിമറിയാണ് നടന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.