ഭാരതീയ ദര്‍ശനത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ ബദല്‍ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്
Sunday, July 27, 2025 12:44 AM IST
കൊച്ചി: വികസിത ഭാരതത്തിനായി ഭാരതീയ ദര്‍ശനത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ ബദല്‍ വളര്ത്തിയെടുക്കേണ്ടതായിട്ടുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്റെ ആസ്ഥാനമായ പിറവം വെളിയനാട് ആദിശങ്കര നിലയത്തില്‍ ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് സംഘടിപ്പിച്ച രാഷ്ട്രീയ ചിന്തന്‍ ബൈഠക്കില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നമ്മള് അനുഭവിച്ചു വളര്‍ന്ന വിദ്യാഭ്യാസ വ്യവസ്ഥ കൊളോണിയല്‍ ആശയങ്ങളുടെ ദീര്‍ഘകാല സ്വാധീനത്തിലാണ് വികാസം പ്രാപിച്ചത്.
ഈ വിഷയത്തില്‍ നമ്മുടെ ശ്രദ്ധ ആഴത്തിലുള്ളതും, യാഥാര്ഥ്യപരവുമായിരിക്കണം, ഒപ്പം തീര്‍ത്തും ഭാരതീയ അധിഷ്ഠിതവുമായിരിക്കണം. പ്രവര്‍ത്തിക്കുന്ന രംഗത്ത് കാര്യകര്‍ത്താക്കള്‍ സ്വയം കഴിവ് നേടിയെടുക്കുകയും അതില്‍ മാതൃകയാകുകയും വേണം.
മറ്റുള്ളവരെയും കൈപിടിച്ചു മുന്നോട്ട് നയിക്കാനാകുന്ന സൗഹൃദ ബന്ധം വളര്‍ത്തണം”- അദ്ദേഹം പറഞ്ഞു.