കാറും തടിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Sunday, July 27, 2025 12:44 AM IST
ചിങ്ങവനം: എംസി റോഡില്‍ കാറും തടികയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ച യുവാവിനു ദാരുണാന്ത്യം. ചിങ്ങവനം സെമിനാരിപടിയില്‍ വെള്ളിയാഴ്ച രാത്രി 11.30നാണ് അപകടം നടന്നത്.
സെമിനാരി പടിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി വിജയകുമാര്‍ (40) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടു കൂടിയായിരുന്നു അപകടം.
കോട്ടയം ഭാഗത്തുനിന്നും സെമിനാരിപടിയിലെ വാടക വീട്ടിലേക്ക് വരുന്നതിനിടെ എതിര് ദിശയില്‍ നിന്നും എത്തിയ തടി ലോറി ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നും നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജയകുമാറിനെ രക്ഷിക്കാനായില്ല.