സതീശന് ഈഴവ വിരോധിയെന്ന് വെള്ളാപ്പള്ളി നടേശന്
Sunday, July 27, 2025 1:34 AM IST
മൂവാറ്റുപുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വി.ഡി. സതീശന് ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണ്. പ്രതിപക്ഷ നേതാവ് എന്ന രീതിയിലുള്ള ഒരു മാന്യതയും മര്യാദയും സതീശനില്ല.
ഈഴവരായ നേതാക്കളെ തെരഞ്ഞുപിടിച്ച് ചീത്ത പറയുന്ന ഈഴവ വിരോധിയാണ് സതീശന് എന്നും ഗുരുധര്‍മം തന്നെ പഠിപ്പിക്കാന്‍ വി.ഡി. സതീശന് വരേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം എസ്എന്‍ഡിപി യൂണിയന് ശാഖാ നേതൃസംഗമം മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
""വി.എസ്. അച്യുതാനന്ദന് അകത്തുനിന്നും പുറത്തുനിന്നും എതിര്‍പ്പുണ്ടായിരുന്നു. ചിലര്‍ രാഷ്ട്രീയലാഭത്തിനുവേണ്ടി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ മുസ്ലിംകൾക്ക് എതിരല്ല.
കേരളത്തില്‍ സാമൂഹിക-സാമ്പത്തിക സെന്‍സസ് വേണം. അതുപറയാന്‍ ആരും തയാറാകുന്നില്ല''-വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ ശാഖാ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.