സോഷ്യൽ മീഡിയ കാന്പെയ്നിനുള്ള പാറ്റ ഗോൾഡ് അവാർഡ് കേരള ടൂറിസത്തിന്
Sunday, July 27, 2025 12:44 AM IST
തിരുവനന്തപുരം: ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ പരിശ്രമത്തിന് ആഗോള അംഗീകാരം.
മീം അധിഷ്ഠിത കാന്പെയ്നിനാണ് ‘മോസ്റ്റ് എൻഗേജിംഗ് സോഷ്യൽ മീഡിയ കാന്പെയ്ൻ’ വിഭാഗത്തിൽ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ)2025 ലെ ഗോൾഡ് അവാർഡ് ലഭിച്ചത്.
ഏഷ്യ പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് ഈ പുരസ്കാരം നൽകുന്നത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ 1.2 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരാനും 89,700 ലധികം ഇടപെടലുകൾ നേടാനുമായി.
പരന്പരാഗത പരസ്യങ്ങളിൽനിന്ന് വിഭിന്നമായി കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും സംസ്കാരവും പ്രദർശിപ്പിക്കാനും ഏഷ്യ പസഫിക് മേഖലയിൽ ടൂറിസം മാർക്കറ്റിംഗിന് ഇതിലൂടെ പുതിയ മാതൃക അവതരിപ്പിക്കാനും സാധിച്ചു.