ദൈവദാസന് മാര്‍ മാത്യു മാക്കിൽ ധന്യന്‍ പദവിയിൽ
Sunday, July 27, 2025 1:34 AM IST
കോട്ടയം: ദൈവദാസന് മാര്‍ മാത്യു മാക്കിലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും അതിരൂപതാ മെത്രാനായിരുന്ന മാര്‍ തോമസ് തറയിലിന്റെ 50-ാം ചരമവാര്‍ഷിക സമാപനവും കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടന്നു.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ദീപം തെളിച്ച് ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചു. ചങ്ങനാശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗക്കാര്‍ക്കായി നല്കപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന് മാര്‍ മാത്യു മാക്കിലിനെ ധന്യനായി പ്രഖ്യാപിക്കുന്ന ഡിക്രി ചാന്‍സലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ വായിച്ചു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദേശം നല്കി.
മാക്കില്‍ പിതാവിന്റെ ധന്യന്‍ പദവി സഭയുടെ പൊതുവായ സന്തോഷമാണെന്നും തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ക്നാനായ സമുദായം സഭയുടെ മുന്‍പേ പറക്കുന്ന പക്ഷിയാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
തുടര്‍ന്ന് മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിയില്‍ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍, സിഞ്ചെല്ലൂസ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോസ് തറയില്‍, അതിരൂപതാ വൈദികര്‍ തുടങ്ങിയവർ സഹകാര്‍മികരായിരുന്നു.
മാര്‍ മാക്കില്‍ പിതാവ് ഒരു വിശുദ്ധനാണെന്ന് ദിവ്യബലിമധ്യേ സന്ദേശത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. പിതാവിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിട്ടാണ് ക്നാനായ കത്തോലിക്കര്‍ക്കായി കോട്ടയം വികാരിയാത്തും വിസിറ്റേഷന്‍ സമൂഹവും ഉണ്ടായത്. ദൈവികപദ്ധതികളെ തിരിച്ചറിയാനുള്ള വിശുദ്ധി പിതാവിനുണ്ടായിരുന്നു.
ദൈവിക പദ്ധതികളോടു ചേര്‍ന്നുനിന്ന് നിശ്ചയാര്‍ഢ്യത്തോടെ വിനയത്തിലും വിശുദ്ധിയിലും സഭയോടൊപ്പം മുന്നോട്ടുപോകാന്‍ കഴിഞ്ഞതുകൊണ്ടാണ് കോട്ടയം വികാരിയാത്ത് രൂപതയായും പിന്നീട് അതിരൂപതയായും ഉയര്‍ത്തപ്പെടാന്‍ ഇടയാക്കിയതെന്നും മാര്‍ മൂലക്കാട്ട് പറഞ്ഞു.
ജോയി ജോസഫ് കൊടിയന്തറ, ജസ്റ്റീസ് സിറിയക് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, തോമസ് ചാഴികാടന്, സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.