പാലാ രൂപത പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢ സമാപനം
Sunday, July 27, 2025 1:34 AM IST
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢമായ സമാപനം. സെന്റ് തോമസ് കത്തീഡ്രല്‍ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സഭാ മേലധ്യക്ഷന്മാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പങ്കെടുത്തു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശുദ്ധി, ആത്മസമര്‍പ്പണം, സാമൂഹിക പ്രതിബദ്ധത എന്നിവയില്‍ പകരം വയ്ക്കാനില്ലാത്ത രൂപതയാണ് പാലായെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. മാതൃകാ രൂപതകളില്‍ മുന്‍പന്തിയിലുള്ള പാലാ രൂപതയുടെ നേതൃവൈഭവം ശക്തമാണെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
യാക്കോബായ സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്തവരുടെ എണ്ണത്തിലല്ല, മറിച്ച് മൂല്യത്തിലാണ് സഭയുടെ വളര്‍ച്ചയെന്ന് കാതോലിക്ക ബാവ പറഞ്ഞു.
മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തി. പാലാ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോള കത്തോലിക്കാ സഭയ്ക്ക് മാതൃകയും പ്രചോദനവുമാണെന്ന് കര്‍ദിനാള്‍ ക്ലീമിസ് ബാവ പറഞ്ഞു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖസന്ദേശം നല്കി. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, ഔഗിന്‍ മാര്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്, മാര്‍ തോമസ് പാടിയത്ത്, ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മന്ത്രി റോഷി അഗസ്റ്റിന്, എംപിമാരായ ശശി തരൂര്‍, ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, എംഎല്‍എമാരായ സണ്ണി ജോസഫ്, മാണി സി. കാപ്പന്, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. കെ.കെ. ജോസ്, എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മരീന ഞാറക്കാട്ടില്‍, പി.സി. ജോര്‍ജ്, ഷീബ ബിനോയി പള്ളിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി.
രാവിലെ സെന്റ് തോമസ് കത്തീഡ്രലില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ രൂപതയിലെ മുഴുവന്‍ വൈദികരും ചേര്‍ന്നുള്ള സമൂഹബലിക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്കി.