സ്വകാര്യ ബസിടിച്ച് കോളജ് വിദ്യാര്‍ഥിക്കു ദാരുണാന്ത്യം
Sunday, July 27, 2025 12:44 AM IST
കൊച്ചി: അമിതവേഗത്തിലെത്തിയ സ്വകാര്യബസിടിച്ച് ഇലക്ട്രിക് സ്കൂട്ടര്‍ യാത്രികനായ കോളജ് വിദ്യാര്‍ഥിക്കു ദാരുണാന്ത്യം.
തേവര എസ്എച്ച് കോളജിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ എറണാകുളം ടിഡി റോഡില്‍ ഗോകുലം വീട്ടില്‍ ഗോവിന്ദ് എസ്. ഷേണായി(18) ആണു മരിച്ചത്. അപകടത്തിനു പിന്നാലെ ബസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഡ്രൈവറെ എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം-ഏലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന നന്ദനം ബസാണ് അപകടത്തിനിടയാക്കിയത്.
ഇന്നലെ രാവിലെ 8.15ഓടെ എറണാകുളം നോര്‍ത്തിന് ടൗണ്‍ഹാളിന് സമീപത്തെ പെട്രോള്‍ പമ്പിനോടു ചേര്‍ന്നായിരുന്നു അപകടം. ഗോവിന്ദും മൂത്ത സഹോദരന് ശ്രീനിവാസും മൃദംഗം വിദ്വാന്മാരാണ്. ഇന്നലെ രാവിലെ ശ്രീനിവാസന് ഇടപ്പള്ളിയിലെ ഗായത്രി സമൂഹമഠത്തില്‍ ഭജനയുണ്ടായിരുന്നു.
വീട്ടില്‍ മറന്നുവച്ച മൃദംഗം എത്തിച്ചു നല്കാന് ശ്രീനിവാസ് ആവശ്യപ്പെട്ടതനുസരിച്ച് മഠത്തിലേക്കു പോകുന്നതിനിടെയായിരുന്നു ഗോവിന്ദ് സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്.
മുന്നിലുള്ള കാറിനെ മറികടക്കുന്നതിനിടെ പിന്നിലൂടെ അമിതവേഗത്തിലെത്തിയ ബസ് ഗോവിന്ദിന്റെ സ്കൂട്ടറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു വീണ ഗോവിന്ദിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി. ഉടന്‍തന്നെ ഒടിക്കൂടിയവര്‍ ഗോവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.