“ഭരണഘടനയെക്കുറിച്ചു പഠിക്കാൻ അവസരം ലഭിക്കണം”; ആവശ്യമുയർന്നത് പാഠപുസ്തക പരിഷ്കരണ ചർച്ചയിൽ
Saturday, July 26, 2025 2:44 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അതു കണക്കിലെടുത്ത് ഹയർ സെക്കൻഡറിയിലെ എല്ലാ വിഭാഗം കുട്ടികൾക്കും ഭരണഘടനയെക്കുറിച്ച് പഠിക്കാൻ അവസരമൊരുക്കണമെന്നും ആവശ്യം.
ഹയർ സെക്കൻഡറി സാമൂഹ്യശാസ്ത്ര വിഭാഗത്തിൽ മാത്രം ഭരണഘടനയെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവ് പകർന്നു നല്കിയാൽ മതിയാവില്ലെന്നും പാഠപുസ്തക പരിഷ്കരണം സംബന്ധിച്ച ജനകീയ ചർച്ചകളിൽ അഭിപ്രായമുയർന്നു. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം യുവതലമുറയിൽ ഉണ്ടാകണം. ഇതിനായി എല്ലാ കുട്ടികൾക്കും ഭരണഘടനയെക്കുറിച്ച് പഠിക്കാൻ അവസരമൊരുക്കണം.
ഇന്ത്യ മതനിരപേക്ഷ രാജ്യമായി തുടരേണ്ടതിന്റെ ആവശ്യം എല്ലാ വിദ്യാർഥികളും മനസിലാക്കണം. പരിഷ്കരിക്കുന്ന പാഠ്യക്രമത്തിൽ ഭരണഘടനയെക്കുറിച്ച് പഠിക്കാൻ വിദ്യാർഥികൾക്ക് കൂടുതൽ അവസരമൊരുക്കണം. കുട്ടികൾ ഇന്നിന്റെ പൗരന്മാരാക്കി മാറ്റാനും അഭിപ്രായം പറയാനും കഴിയുന്ന തരത്തിൽ മാറണമെന്ന അഭിപ്രായവും ഉയർന്നു.
സ്കൂൾ മൈതാനങ്ങൾ മറ്റാവശ്യങ്ങൾക്കായി കൈയേറുന്ന പ്രവണത ഒഴിവാക്കണമെന്നും എല്ലാ സ്കൂളുകളിലും ഫിറ്റ്നെസ് സെന്ററുകൾ ഉണ്ടാക്കണമെന്നും അഭിപ്രായമുയർന്നു. ഈ ഫിറ്റ്നെസ് സെന്ററുകളിൽ വ്യായാമ മുറകൾ പരിശീലിപ്പിക്കുന്നതിനായി പാഠ്യക്രമത്തിൽ വ്യായാമത്തെക്കുറിച്ചും വിശകലനങ്ങൾ ഉണ്ടാവണം. ഇതിന്റെ അടിസ്ഥാനത്തിൽ ഫിറ്റ്നസിന് ഗ്രേഡ് കൊണ്ടുവരണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
ഹയർ സെക്കൻഡറി തലത്തിലെ പാഠ്യക്രമം തയാറാക്കുന്പോൾ ജോലിസാധ്യതയുള്ള കോഴ്സുകളെ അടിസ്ഥാനമാക്കിയാവണം. ഭാഷാസാഹിത്യ പാഠ്യക്രമം ഓരോ വിദ്യാർഥികൾക്കും കഥ, കവിത എന്നിവ എഴുതാനുള്ള ശേഷി ഉണ്ടാകുന്ന തരത്തിൽ പരിഷ്കരിക്കണം.വായനയിലേക്ക് വഴി തിരിച്ചുവിടാൻ കഴിയുന്നതാവണം പാഠ്യക്രമം.
പഠനവും പരീക്ഷാരീതിയും സെമസ്റ്റർ രീതിയിലാക്കണമെന്ന ആവശ്യവും ഉയർന്നു. സംസ്ഥാന തലത്തിലെ ജനകീയ ചർച്ചകളുടെ മാതൃകയിൽ ജില്ലാ തലങ്ങളിലും ജനകീയ ചർച്ചകൾ നടത്തിയാവും പാഠപുസ്തക പരിഷ്കരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലേക്ക് എത്തുക.