എഡിജിപിയുടെ ട്രാക്ടർ യാത്ര: നടപടി വേണമെന്നു ഡിജിപി
സ്വന്തം ലേഖകൻ
Friday, July 25, 2025 6:30 AM IST
തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കുള്ള നിയമം ലംഘിച്ചുള്ള ട്രാക്ടർ യാത്രയിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരേ നടപടി വേണമെന്നു സംസ്ഥാന പോലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകി.
അജിത്കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി എഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ സ്വീകരിച്ച നടപടി സേനയ്ക്ക് ആകെ അവമതിപ്പുണ്ടാക്കുന്നതാണെന്നുമാണ് റിപ്പോർട്ട്.
അജിത്ത്കുമാറിനെതിരേ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കാനാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. റിപ്പോർട്ടിൽ ആഭ്യന്തരവകുപ്പ് തുടർ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കാനാണ് സാധ്യത. എഡിജിപിയുടെ ചട്ടവിരുദ്ധ ട്രാക്ടർ യാത്രയിൽ സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസം എഡിജിപിയെ താക്കീത് ചെയ്തിരുന്നു.
ഇതിനു പിന്നാലെ വിശദീകരണവും തേടി. പന്പയിൽ നിന്നു സന്നിധാനത്തേക്കു ട്രാക്ടറിൽ യാത്ര ചെയ്ത കാര്യം എഡിജിപി സമ്മതിച്ചിരുന്നു. ഇതോടൊപ്പമുള്ള വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടിക്കു നിർദേശം.
എഡിജിപിയുടെ സന്നിധാനത്തേക്കുള്ള നിയമവിരുദ്ധ ട്രാക്ടർ യാത്രയിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ട്രാക്ടർ ഡ്രൈവർക്കെതിരേ പന്പ പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി നിർദേശം മറികടന്ന് ചരക്കുനീക്കത്തിനു മാത്രം ഉപയോഗിക്കുന്ന ട്രാക്ടറിൽ കഴിഞ്ഞ 12ന് വൈകുന്നേരം എഡിജിപി അടക്കമുള്ളവരെ കയറ്റി സന്നിധാനത്തേക്ക് പോയി. 13ന് അതേ ട്രാക്ടറിൽ തിരികെ പന്പയിലെത്തി. ട്രാക്ടറിൽ മങ്കിക്യാപ് ധരിച്ചു സഞ്ചരിച്ച എഡിജിപിക്കെതിരേ പോലീസ് എഫ്ഐആറിൽ ഒന്നും സൂചിപ്പിച്ചിരുന്നില്ല.