ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ ദുരൂഹത: പ്രതിപക്ഷ നേതാവ്
Saturday, July 26, 2025 2:43 AM IST
കൊച്ചി: സൗമ്യ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
സര്‍ക്കാരിന് അപമാനകരമായ സംഭവമാണു നടന്നത്. സര്‍ക്കാരിന് ഏറ്റവും പ്രിയപ്പെട്ടവര്‍ കണ്ണൂര്‍ ജയിലില്‍ ഉണ്ടെന്നറിയാം. എന്നാല്‍ സര്‍ക്കാരിനു പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ ഗോവിന്ദച്ചാമിയും ഉണ്ടായിരുന്നെന്ന് കഴിഞ്ഞദിവസമാണു മനസിലായത്. ഒരു കൈക്കു സ്വാധീനമില്ലാത്തയാള്‍ രാത്രി ജയില്മുറിയിലെ കമ്പി മുറിച്ച് പുറത്തുകടന്ന്, തുണി കെട്ടി ഇത്രയും വലിയ മതില് ചാടിക്കടന്നു രക്ഷപ്പെട്ടെന്നത് അവിശ്വസനീയമാണ്.
ഒറ്റക്കൈകൊണ്ടു ജയില്‍ ചാടുന്നത് ടാര്‍സന്റെ സിനിമയില്‍പ്പോലും കണ്ടിട്ടില്ല. ജയിലിനുള്ളില്നിന്നും പുറത്തുനിന്നും ഗോവിന്ദച്ചാമിക്ക് സഹായം കിട്ടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇതൊക്കെയാണു നടക്കുന്നതെന്ന് നിരവധി തവണ പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും പുറത്തും പറഞ്ഞിട്ടുണ്ട്.
നാട്ടുകാരുടെ ജാഗ്രതയിലാണു പ്രതിയെ പിടികൂടാനായത്. അവരെ അഭിനന്ദിക്കുന്നു. ആരോഗ്യമന്ത്രി പറഞ്ഞതുപോലെ ഇതു സിസ്റ്റത്തിന്റെ കുഴപ്പമാണെന്നും പ്രതിപക്ഷനേതാവ് മാധ്യങ്ങളോട് പറഞ്ഞു.