ഗോവിന്ദച്ചാമിയുടെ ജയില്ചാട്ടം; അടിമുടി ദുരൂഹത, അവിശ്വസനീയം
Saturday, July 26, 2025 2:43 AM IST
നിശാന്ത് ഘോഷ്
കണ്ണർ: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് ദുരൂഹതയും ജയിലിനകത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങളും ഉയരുന്നു. പൂർണ ആരോഗ്യവാനും അഭ്യാസിയുമായ ആളുകൾക്കുപോലും ജയിലിന്റെ കൂറ്റൻ മതിൽ കയറി മറിയുക അസാധ്യമാണെന്നിരിക്കേ ഇടത് കൈപ്പത്തി നഷ്ടപ്പെട്ട ഗോവിന്ദച്ചാമിക്ക് ഇതെങ്ങനെ സാധിച്ചുവെന്നത് അവിശ്വസനീയമാണ്.
വൈദ്യുതവേലി പ്രവർത്തിക്കാത്തത് ഗോവിന്ദച്ചാമി എങ്ങനെ മനസിലാക്കിയെന്നതിലും അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. ജയിലിനകത്തുനിന്നു സഹായം ലഭിച്ചതായാണു സംശയം. ജയിലിൽ നിരീക്ഷണ കാമറകളും ഇതു നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരുമുണ്ടെങ്കിലും ജയിൽചാട്ടം ആരുടെയും ശ്രദ്ധയിൽ പെട്ടില്ലെന്നതു വലിയ വീഴ്ചയാണ്.
സെല്ലിന്റെ ഇരുന്പ് കന്പികൾ മുറിച്ചു മാറ്റാനുള്ള ഉപകരണം എങ്ങനെ തടവുകാരന് ലഭിച്ചു, ഇരുന്പ് കന്പികൾ ഒന്നോ രണ്ടോ ദിവസങ്ങൾകൊണ്ട് മുറിക്കുക സാധ്യമല്ലെന്നിരിക്കേ ദിവസങ്ങളായുള്ള ഈ ശ്രമം ആരും കാണാതിരുന്നതെന്തു കൊണ്ട്? തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.
എല്ലാ ദിവസവും തടവുകാരെയും നിരീക്ഷിക്കുന്നതു പോലെ സെല്ലും പരിസരവും സൂക്ഷ്മമായി പരിശോധിക്കണമെന്നാണു ജയിൽ നിയമം അനുശാസിക്കുന്നത്. എന്നാൽ ഗോവിന്ദച്ചാമിയുടെ സെല്ലിൽ പരിശോധനകൾ ഉണ്ടായിരുന്നില്ലെന്നതും ദുരൂഹത ഉയർത്തുന്നുണ്ട്.
കിണറ്റിൽ ഒളിച്ചിരിക്കുന്നതിനിടെ കണ്ടയാളെ കൊല്ലുമെന്നു ഭീഷണി
കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു രക്ഷപ്പെട്ട ഗോവിന്ദച്ചാമിയെ നഗരം വിടുന്നതിന് മുന്പ് പിടികൂടാൻ സാധിച്ചതിനു പിന്നിൽ മൂന്നു പേർ നൽകിയ വിവരങ്ങൾ. കിണറ്റിൽ ഒളിച്ചിരിക്കുന്നത് കണ്ടയാളെ വിവരം പുറത്തറിയിച്ചാൽ കൊന്നുകളയുമെന്നു ഗോവിന്ദച്ചാമി ഭീഷണിയും മുഴക്കി. ഗോഡൗൺ സെക്യൂരിറ്റി ജീവനക്കാരനായ ഉണ്ണിക്കൃഷ്ണന്റെ നേർക്കാണ് കിണറ്റിൽനിന്നു ഗോവിന്ദച്ചാമി ഭീഷണി മുഴക്കിയത്. എന്നാൽ, ഇത് കാര്യമാക്കാതെ ഉണ്ണിക്കൃഷ്ണൻ ബഹളം വച്ച് സമീപത്തെ പറന്പിലുണ്ടായിരുന്ന പോലീസിനെയും നാട്ടുകാരെയും അറിയിച്ചതാണു പ്രതിയെ പിടികൂടാൻ സഹായിച്ചത്.
ഇന്നലെ രാവിലെ ഒന്പതേകാലോടെ എകെജി ആശുപത്രിക്ക് സമീപത്തെ സന്തോഷ് എന്നയാളാണ് ഗോവിന്ദച്ചാമി നടന്നുപോകുന്നത് ആദ്യം കാണുന്നത്. പിന്തുടർന്ന് പോയപ്പോൾ എതിരേ ബൈക്കിൽ വരികയായിരുന്ന വിനോജ് എന്നയാളും നടന്നുനീങ്ങിയത് ഗോവിന്ദച്ചാമിയാണോ എന്ന സംശയം പ്രകടിപ്പിച്ചു. ഇതോടെ വിനോജ് സന്തോഷിനെയും ബൈക്കിൽ കയറ്റി പിന്തുടരുകയും ഡാ.. ഗോവിന്ദച്ചാമി എന്നു വിളിച്ചപ്പോൾ ഓടി സമീപത്തെ മതിൽച്ചാടി കാടുപിടിച്ച പഴയ ആശുപത്രി കെട്ടിടമുള്ള പറന്പിലേക്കു രക്ഷപ്പെട്ടു. ഇതോടെ വിനോജ് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
പോലീസ് സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് ആശുപത്രി കെട്ടിടത്തിലും പരിസരത്തും തെരച്ചിലും ആരംഭിച്ചു. ഇതിനിടെ ഇയാൾ സമീപത്തെ ഗോഡൗണായി ഉപയോഗിക്കുന്ന കെട്ടിടമുള്ള പറന്പിലേക്കു മാറി കയറിൽ തൂങ്ങി കിണറ്റിൽ ഒളിക്കുകയായിരുന്നു.
മോട്ടോർ ഓൺ ചെയ്യാനായി പന്പ് ഹൗസിലെത്തിയ ഉണ്ണിക്കൃഷ്ണൻ ശബ്ദം കേട്ട് കിണറ്റിൽ നോക്കിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണുന്നത്. തന്നെ കണ്ടെന്നു ബോധ്യപ്പെട്ടതോടെയായിരുന്നു പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി മുഴക്കിയത്.
നാട്ടുകാർ നൽകിയ വിവരം നിർണായകമായി: കമ്മീഷണർ
ഗോവിന്ദച്ചാമിയെ നഗരം വിടുന്നതിനു മുന്പ് പിടികൂടാൻ പോലീസിനെ സഹായിച്ചത് വിനോജ്, സന്തോഷ്, ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ അവസരോചിതമായ ഇടപെടലെന്നു സിറ്റി കമ്മീഷണർ പി. നിധിൻരാജ്.
തടവുകാരൻ ജയിൽ ചാടിയെന്ന വിവരം പോലീസിന് ലഭിച്ച ഉടൻതന്നെ പ്രതിയുടെ ഫോട്ടോയും കണ്ടെത്തിയാൽ ബന്ധപ്പെടേണ്ട പോലീസിന്റെ ഫോൺ നന്പറും സഹിതം ദൃശ്യമാധ്യമങ്ങൾക്കു നൽകുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കൂസലില്ലാതെ ഗോവിന്ദച്ചാമി, ഒന്നര മാസത്തെ ആസൂത്രണമെന്നും മൊഴി
ഒന്നര മാസത്തെ ആസൂത്രണത്തെത്തുടർന്നാണ് താൻ ജയിൽ ചാടിയതെന്നു ഗോവിന്ദച്ചാമിയുടെ മൊഴി. സെല്ലിന്റെ ഇരുന്പ് ഗ്രിൽസിന്റെ കന്പികൾ ഒന്നരമാസം കൊണ്ടാണ് മുറിച്ചത്. ഇതിനുള്ള ഹാൻഡ് സോ ബ്ലേഡ് ജയിൽ വർക്ക്ഷോപ്പിൽനിന്നാണു സംഘടിപ്പിച്ചത്.
പുലർച്ചെയോടെ കന്പികൾ മുറിച്ച വിടവിലൂടെ പുറത്തേക്കിറങ്ങി. ജയിലിനകത്തുനിന്നും ചിലരുടെ സഹായങ്ങൾ ലഭിച്ചതായുള്ള സൂചനയും മൊഴിയിലുണ്ട്. തനിക്ക് ജയിലിനകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചെന്ന രീതിയിലും മൊഴിയുണ്ട്.