കോഴിക്കോട്ടുകാരായ അന്താരാഷ്ട്ര ലഹരി മൊത്തവില്പനക്കാര് ബംഗളൂരുവില്‍ പിടിയില്‍
Saturday, July 26, 2025 1:01 AM IST
കോഴിക്കോട്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കു ലഹരി എത്തിക്കുന്ന മൊത്ത വില്പനക്കാരായ കോഴിക്കോട്ടുകാര്‍ അറസ്റ്റില്‍. കൊടുവള്ളി തെക്കേപ്പൊയില്‍ വീട്ടില്‍ അബ്ദുള്‍ കബീര്‍ (36), പരപ്പന്‍പൊയില്‍ നങ്ങിച്ചിതൊടുകയില്‍ വീട്ടില്‍ നിഷാദ് (38) എന്നിവരെയാണു കുന്നമംഗലം പോലീസ് ബംഗളുരുവില്‍നിന്നു പിടികൂടിയത്.
കഴിഞ്ഞ ഏപ്രില്‍ 24ന് കുന്നമംഗലം പോലീസ് പടനിലം കീക്കാല്‍ ഹൗസില്‍ റിന്‍ഷാദി (24)നെ ആരാമ്പ്രം പുള്ളിക്കോത്ത് ഭാഗത്തുവച്ച് സ്കൂട്ടറില്‍ വില്പനയ്ക്കായി കൊണ്ടുവന്ന 59.7 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.
പ്രതിയുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍ പരിശോധിച്ച് സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍നിന്നാണു കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ബംഗളൂരുവില്‍ ഉണ്ടെന്നു കണ്ടെത്തി.
കുന്നമംഗലം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കിരണിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ നിധിന്, എസ്സിപിഒമാരായ ബിജു മുക്കം, അജീഷ് താമരശേരി, വിജേഷ് പുല്ലാളൂര്‍ എന്നിവര്‍ ചേര്‍ന്ന് ബംഗളുരുവിലെ എംഎസ് പാളയം എന്ന സ്ഥലത്തുവച്ച് അതി സാഹസികമായി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റിലായ അബ്ദുള്‍ കബീറും നിഷാദും ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സ്വദേശികളില്‍നിന്നു മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിക്കുകയും ആവശ്യപ്രകാരം വിതരണക്കാര്‍ക്കു മൊത്തമായി നല്കുകയുമാണു ചെയ്തിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എംഡിഎംഎ എത്തിക്കുന്നതിലെ മുഖ്യ കണ്ണികളാണ് ഇവര്‍.
പിടിയിലായ അബ്ദുള്‍ കബീര്‍ കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന കുറ്റവാളിയാണെന്നും ഒട്ടേറെ കേസുകളുണ്ടെന്നും നിഷാദിനു സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ എംഡിഎംഎ പിടികൂടിയതടക്കം കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. മയക്കുമരുന്ന് വില്പനയിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതികള്‍ ആര്‍ഭാടജീവിതം നയിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
പിടിയിലായ പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണ്. ഇവര്‍ ആര്‍ക്കൊക്കെയാണു മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇവരുടെ ലഹരിമാഫിയ സംഘത്തിലെ കൂട്ടാളികളെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.