വിദേശ മെഡിക്കല്‍ ബിരുദം; ക്ലിനിക്കല്‍ ക്ലേര്ക്ഷിപ്പ് പ്രോഗ്രാം ആവശ്യമില്ലെന്നു ഹൈക്കോടതി
Saturday, July 26, 2025 1:01 AM IST
കൊച്ചി: വിദേശ രാജ്യങ്ങളില്‍നിന്നു മെഡിക്കല്‍ ബിരുദം നേടിയവര്‍ കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു പകരം പിന്നീട് അതത് രാജ്യങ്ങളിലെത്തി ഫിസിക്കല്‍ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവർക്കു കേരളത്തിലെ ക്ലിനിക്കല്‍ ക്ലേര്ക്ഷിപ്പ് പ്രോഗ്രാം ആവശ്യമില്ലെന്നു ഹൈക്കോടതി.
ചൈനയില്‍നിന്നു എംബിബിഎസ് നേടിയ പാലക്കാട് സ്വദേശി ദലീല് അഹമ്മദ് അടക്കം ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണു ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്. കേരളത്തില്‍ രജിസ്ട്രേഷന് എടുക്കാനായി ഹര്‍ജിക്കാര്‍ നല്കിയ അപേക്ഷകള്‍ പരിഗണിച്ച് ആറാഴ്ചയ്ക്കകം ഉചിതമായ തീരുമാനമെടുക്കാനും കോടതി സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിനോടു നിര്‍ദേശിച്ചു.
വിദേശത്തു പഠിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാണെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഉത്തരവുണ്ട്. ഇതിനുപുറമേയാണു സംസ്ഥാന കൗണ്‍സില്‍ ക്ലിനിക്കല്‍ ക്ലേര്ക്ഷിപ്പ് പ്രോഗ്രാം ഏര്‍പ്പെടുത്തിയത്. ഇതു നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
നഷ്ടമായ ക്ലാസുകള്‍ക്ക്, കോവിഡ് നിയന്ത്രണത്തിനുശേഷം പരിഹാരം ചെയ്തിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ നിബന്ധനകാരണം മെഡിക്കല്‍ കമ്മീഷന് നിഷ്കര്‍ഷിച്ച ഇന്റേണ്‍ഷിപ്പ് നിശ്ചിത കാലാവധിയില്‍ പൂര്‍ത്തിയാക്കാനാകുമോയെന്ന് ആശങ്കയുണ്ടെന്നും അറിയിച്ചു.
ഇതു വിശ്വസനീയമല്ലെന്നും പ്രാക്ടിക്കല്‍ ക്ലാസുകളടക്കം മുടങ്ങിയ സാഹചര്യത്തില്‍ കേരളത്തില്‍ രജിസ്ട്രേഷനെടുക്കാന്‍ ക്ലിനിക്കല്‍ പരിശീലനം അനിവാര്യമാണെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കോവിഡ് നിയന്ത്രണത്തിനുശേഷം ഓഫ്ലൈന് ക്ലാസുകളില്‍ പങ്കെടുത്തവര്‍ക്ക് കേരളം നിഷ്കര്‍ഷിച്ച ക്ലിനിക്കല്‍ പരിശീലനം ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടു.