ലഹരിക്കു തടയിട്ട് ‘യോദ്ധാവ് ’ ആറു മാസത്തിനുള്ളില്‍
263 പരാതി, 36 അറസ്റ്റ്
സ്വന്തം ലേഖിക
Friday, July 25, 2025 5:44 AM IST
കൊച്ചി: മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പിലാക്കിയ ‘യോദ്ധാവ് ’പദ്ധതിയിലൂടെ സംസ്ഥാനത്തു കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ലഭിച്ചത് 263 പരാതികള്‍.
36 പേരെയാണു വിവിധ പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്തത്. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍പ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ 30 വരെ ലഹരിസംബന്ധമായി ഏറ്റവും കൂടുതല്‍ പരാതികള്‍ യോദ്ധാവിലേക്ക് എത്തിയതു മലപ്പുറം ജില്ലയില്‍ നിന്നാണ് (53). തിരുവനന്തപുരം റൂറലും (38) സിറ്റിയുമാണ് (17) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
കൊച്ചി സിറ്റിയില്‍നിന്നു 17 പരാതികളും എറണാകുളം റൂറലില്‍നിന്ന് മൂന്ന് പരാതികളും ‘യോദ്ധാവി’ലേക്ക് എത്തി.
സർവം രഹസ്യം
‘യോദ്ധാവി’ല്‍ അറിയിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായിരിക്കും. വാട്സാപ് മുഖേന ലഭിക്കുന്ന വിവരങ്ങള്‍ ( ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, ഇമേജ് എന്നീ രൂപത്തില്‍) ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവി, നാര്‍കോട്ടിക് സെല്‍ എസി, ഡിവൈഎസ്പി എന്നിവര്‍ക്ക് അയച്ചുകൊടുത്ത് കൃത്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും.