കേരള സര്വകലാശാലപ്രശ്നപരിഹാരം വൈകും
Friday, July 25, 2025 5:44 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധികാരത്ത ര്ക്കവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരം വൈകുമെന്നു സൂചന. സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ ശമ്പളം തടയുന്നതിനു വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ഉത്തരവിട്ടു.
സസ്പെന്ഷന് കാലയളവിലെ ശമ്പളം നല്‍കേണ്ടതില്ലെന്നാണ് വിസിയുടെ ഉത്തരവ്. ഇതുപ്രകാരം സസ്പെന്ഷന് കാലയളവില്‍ അര്‍ഹമായ ജീവനാംശം മത്രമായിരിക്കും രജിസ്ട്രാര്‍ക്കു ലഭിക്കുക.
രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട തന്റെ നിലപാടില്‍ ഇതുവരെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിട്ടില്ല.
സിന്‍ഡിക്കറ്റ് യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന മന്ത്രിയുടെ നിര്‍ദേശവും വിസി സ്വാഗതം ചെയ്തിട്ടില്ല. താന്‍ സസ്പെന്‍ഡ് ചെയ്ത റജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ ആദ്യം പുറത്തുപോകണമെന്ന നിലപാടാണ് ആദ്യം മുതല്‍ വൈസ് ചാന്‍സലര്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി നിയമപരമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍.
കേരള സര്‍വകലാശാല വിഷയത്തില്‍ ആവശ്യമെങ്കില്‍ ചാന്‍സലറായ ഗവര്‍ണറുമായി ചര്‍ച്ച നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു പറഞ്ഞെങ്കിലും ഇതും മുന്നോട്ടു പോയിട്ടില്ല. ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണറോട് അനാദരവ് കാണിച്ചെന്ന കാരണത്താല്‍ ജൂലൈ മൂന്നിനാണ് രജിസ്ട്രാറെ വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍ സസ്പെന്ഷന് നിയമപരമല്ലെന്നു വാദിച്ച് രജിസ്ട്രാര്‍ മിക്ക ദിവസവും സര്‍വകലാശാലയില്‍ എത്തുന്നുണ്ട്.