പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പ് ; മറയില്ലാതെ പ്രതിഷേധം
Sunday, July 27, 2025 12:44 AM IST
കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്കാന് പര്‍ദയിട്ട് എത്തി സാന്ദ്ര തോമസിന്റെ പ്രതിഷേധം. എന്റെ നിലപാടിന്റെ ഭാഗമായി പ്രതിഷേധം അറിയിക്കാനാണ് പര്‍ദ ധരിച്ച് വന്നത്. ശരീരഭാഗങ്ങളെല്ലാം മറയ്ക്കുന്ന വസ്ത്രമായതുകൊണ്ട് ഈ വേഷം ധരിച്ചു.
അസോസിയേഷന് ഭാരവാഹികള്‍ ഇരിക്കുന്നിടത്തേക്ക് എന്റെ മുന്‍ അനുഭവത്തിന്റെ പേരില്‍ എനിക്ക് ഏറ്റവും അനുയോജ്യമായ വസ്ത്രം ഇതാണെന്നു തോന്നിയതുകൊണ്ടാണ് ഇങ്ങനെ വന്നത്. ഞാന്‍ കൊടുത്ത പരാതിയെത്തുടര്‍ന്ന് പോലീസ് കുറ്റപത്രം കൊടുത്തിരിക്കുകയാണ്.എന്നിട്ടുപോലും പ്രതികള്‍ ഇവിടെ ഭരണാധികാരികളായി തുടരുകയും അടുത്ത തവണത്തേക്ക് മത്സരിക്കുകയും ചെയ്യുകയാണ്- സാന്ദ്രാ തോമസ് പറഞ്ഞു.
സംഘടന പുരുഷന്മാരുടെ കുത്തകയാണ്. സ്ത്രീ നിർമാതാക്കള്‍ക്ക് എന്നല്ല, സ്ത്രീകള്‍ക്ക് പൊതുവേ വരാന്‍ സുരക്ഷിതമായ ഇടമല്ല ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഏത് സ്ഥലത്താണെങ്കിലും കുറച്ചുപേർ അത് കൈയടക്കിവച്ചു കഴിഞ്ഞാല്‍ മുരടിക്കും.
ഈ കാരണത്താലാണു സംഘടന എല്ലാ സംഘടനകളില്‍നിന്നു താഴെ നില്‍ക്കുന്നത്. ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിച്ചത് ഇപ്പോള്‍ ഇരിക്കുന്ന ഭരണാധികാരികളാണ്. അവിടെ മാറ്റം സംഭവിച്ചെങ്കില്‍ മാത്രമേ മുഴുവന്‍ സിനിമാ മേഖലയിലും മാറ്റമുണ്ടാകൂ.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ മാറ്റം വരുമ്പോള്‍ അത് പരോക്ഷമായി മുഴുവന്‍ ഇന്‍ഡസ്ട്രിയെയും ബാധിക്കും. സംഘടന കൈയടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മൽസരം. താരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടത്. താന്‍ പ്രസിഡന്റായാല്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.