പുഴയിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
Sunday, July 27, 2025 1:34 AM IST
പയ്യന്നൂര്‍: പാലക്കോട് പുഴയില്‍ മീൻപിടിക്കാൻ പോയ ചെറുതോണി മറിഞ്ഞ് ഒരാളെ കാണാതായി കൂടെയുണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടു. പയ്യന്നൂര്‍ പുഞ്ചക്കാട് താമസിക്കുന്ന നെടുവിള പടിഞ്ഞാറ്റതില്‍ എന്‍.പി. ഏബ്രഹാമിനെയാണ് (49) കാണാതായത്. ഇന്നലെ പുലർച്ചെ ഒന്നോടെയാണു സംഭവം. ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു.
തോണിയിൽ ഏബ്രഹാമിനൊപ്പമുണ്ടായിരുന്ന എരമംഗലം വീട്ടിൽ വര്‍ഗീസാണു നീന്തി രക്ഷപ്പെട്ടത്. ഏബ്രഹാമിനായി കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സുമെന്റ് പയ്യന്നൂര്‍ ഫയര്‍ഫോഴ്സും പഴയങ്ങാടി പോലീസും തെരച്ചിൽ നടത്തുകയാണ്.
വേലിയേറ്റം തുടങ്ങുന്ന സമയം നോക്കി പാലക്കോട് പുഴയിൽ മീൻ പിടിക്കാനായിട്ട വല വലിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു. തോണിയിൽ ഇരുവരും പിടിച്ചുനിന്നെങ്കിലും ശക്തമായ ഒഴുക്കിൽ അഴിമുഖത്തുകൂടി തോണി കടലിലേക്ക് ഒഴുകുകയായിരുന്നുവെന്നു വർഗീസ് പറഞ്ഞു.
ഈ സമയത്തും ഏബ്രഹാം വല മുറുക്കി പിടിച്ചിരിക്കുകയായിരുന്നു. തോണി നിവര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഏബ്രഹാം തന്നോട് നീന്തി രക്ഷപ്പെടാൻ പറയുകയായിരുന്നുവെന്നും വർഗീസ് പറഞ്ഞു.
കരയ്ക്കുകയറിയ വര്‍ഗീസ് അടുത്തുകണ്ട വീട്ടുകാരെ വിളിച്ചുണര്‍ത്തി അപകട വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ പഴയങ്ങാടി പോലീസിനെയും അറിയിച്ചു. പോലീസും മത്സ്യത്തൊഴിലാളികളും ഏഴിമലയിലും പയ്യന്നൂരുമുള്ള ഏബ്രഹാമിന്റെയും വർഗീസിന്റെയും സുഹൃത്തുക്കളും ഉടൻ തന്നെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വിവരമറിഞ്ഞെത്തിയ കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും സ്ഥലത്തെത്തി നടത്തിയ തെരച്ചിലില്‍ ഇന്നലെ രാവിലെ പത്തരയോടെ തോണി കണ്ടെത്തി.
പുതിയങ്ങാടി ഹാര്‍ബറിന് സമീപം കടലിലാണ് തോണി കണ്ടെത്തിയത്. ടി.ഐ. മധുസൂദനന് എംഎല്‍എ, മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാ കമ്മിറ്റിയംഗം കെ.വി. ബാലകൃഷ്ണന്, ലൈഫ് ഗാര്‍ഡ് ഡോ. ചാള്സന് ഏഴിമല എന്നിവര്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.