അതിക്രമം അപലപനീയം: സീറോമലബാര്‍ സഭ
Monday, July 28, 2025 5:48 AM IST
കൊച്ചി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യസ്ത്രീകള്‍ക്കുനേരേ നടന്ന അതിക്രമം അപലപനീയവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് സീറോ മലബാര്‍ സഭ.
സന്ന്യാസവസ്ത്രം ധരിച്ചു യാത്രചെയ്യാന്‍ സന്യസ്തര്‍ ഭയപ്പെടുന്ന രീതിയില്‍ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയവും സങ്കുചിതവുമാക്കി മാറ്റുന്നതും പൗരന്മാരുടെ നിര്‍ഭയമായ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്നതും ജനാധിപത്യ ഇന്ത്യക്ക് അപമാനകരമാണെന്ന് സീറോമലബാര്‍ സഭ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിലേക്കു ജോലിക്കായി പ്രായപൂര്‍ത്തിയായ യുവതികളെ കൂട്ടികൊണ്ടുവരുന്നതിനായി ഛത്തീസ്ഗഡിലെ ദുര്‍ഗ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഒരുസംഘമാളുകള്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തത്. ആവശ്യമായ എല്ലാ രേഖകളോടുംകൂടിയാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും യാത്ര ചെയ്തിരുന്നത്. ഈ രേഖകളൊന്നും പരിശോധിക്കാതെയാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്ന ആള്‍ക്കൂട്ടം കന്യാസ്ത്രീകളെ വളഞ്ഞാക്രമിച്ചതും പോലീസില്‍ ഏല്പിച്ചതും.
കുഷ്ഠരോഗ നിര്‍മാര്‍ജനത്തിലും രോഗീപരിചരണത്തിലും വലിയ സംഭാവനകള്‍ നല്കിയ സന്യാസസമൂഹമാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്സ്. സാമൂഹിക സേവനത്തിലും സമൂഹനിര്‍മിതിയിലും നിസ്വാര്ഥതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്യസ്തരെ ആള്‍ക്കൂട്ട വിചാരണയ്ക്കു വിധേയരാക്കുന്നതും ദുരാരോപണങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലടച്ചതും നിയമവാഴ്ച തകര്‍ന്നതിന്റെയും നിയമസംവിധാനങ്ങള്‍ പക്ഷപാതപരമായി മാറുന്നതിന്റെയും തെളിവാണ്.
ക്രൈസ്തവ ന്യൂനപക്ഷത്തിനും സന്യസ്തര്ക്കുമെതിരേ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയും കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ച് ക്രൈസ്തവ സമൂഹത്തിന് സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി സർക്കാരിന്റേത് പ്രാകൃത നടപടി: സണ്ണി ജോസഫ്
തിരുവനന്തപുരം: കന്യാസ്ത്രീകളെ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ജയിലിലടച്ച ഛത്തീസ്ഗഡ് ബിജെപി സർക്കാരിന്റെ നടപടി അങ്ങേയറ്റം പ്രാകൃതവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഉത്തരേന്ത്യയിൽ ക്രൈസ്തവർക്ക് എതിരേയുള്ള ആക്രമണങ്ങൾ ഇരട്ടിച്ചെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ 753 ക്രിസ്ത്യൻ പള്ളികളാണ് ആക്രമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം: സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: ഛത്തിസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്നും മതേതര സമൂഹം ഇതിനെ ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.