നീതി നടപ്പാക്കണം: കർദിനാൾ മാർ ക്ലീമിസ് ബാവ
Tuesday, July 29, 2025 2:45 AM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകൾ അപമാനിക്കപ്പെട്ട സംഭവത്തിൽ നീതി നടപ്പാക്കണമെന്ന് കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.
മതസ്വാതന്ത്ര്യം പുനഃസ്ഥാപിക്കപ്പെടണം. എല്ലാവർക്കുമുള്ള സ്വാതന്ത്ര്യം സന്യാസിനിമാർക്കും ന്യൂനപക്ഷങ്ങൾക്കും ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സന്യാസി വേഷത്തിൽ പ്രവർത്തിക്കാനിറങ്ങിയ രണ്ടു മലയാളികൾക്കുണ്ടായ അപമാനം ഇന്ത്യയിൽ സംഭവിക്കാൻ പാടില്ലാത്തതാണ്. ഭയപ്പെട്ടു കഴിയുന്ന അനേ കർ ഈ രാജ്യത്തുണ്ടെന്നു പറയാതിരിക്കാൻ കഴിയില്ല. ഈ പ്രവൃത്തി രാജ്യത്തിനു കളങ്കമാണ്.
ജയിലിൽ അടച്ചശേഷം പരോളിൽ വിടുന്നതല്ലല്ലോ നീതിനിർവഹണം. ഭരണഘടനയോടും മതേതരത്വത്തോടും പ്രതിബദ്ധതയുണ്ടെന്നു ഭരണാധികാരികൾ തെളിയിക്കേണ്ട അവസരമാണിത്. മതന്യൂനപക്ഷങ്ങൾ എന്ന നിലയിൽ ക്രൈസ്തവ വിശ്വാസികൾക്ക് ഒരുപാട് ആശങ്കകളുണ്ടെന്നും കർദിനാൾ പറഞ്ഞു.