കൂടത്തായ് കൊലപാതക പരമ്പര ; റോയ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് മുന്‍ ഫോറന്‍സിക് സര്‍ജന്റെ മൊഴി
Tuesday, July 29, 2025 12:11 AM IST
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയില്‍ റോയ് തോമസ് കൊല്ലപ്പെട്ടത് സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് മുന്‍ ഫോറന്‍സിക് സര്ജന് കോടതിയില്‍ മൊഴി നല്കി.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുന്‍ ഫോറന്‍സിക് സര്ജന് ഡോ. കെ. പ്രസന്നനാണ് ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും രാസപരിശോധനാ റിപ്പോര്‍ട്ടിലും മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് 123-ാം സാക്ഷിയായ അദ്ദേഹം മൊഴി നല്കി.
കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണു കേസ്. റോയ് തോമസിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്ജന് ആര്. സോനു മരണപ്പെട്ട സാഹചര്യത്തിലാണ് അന്ന് ഫോറന്‍സിക് മേധാവിയായിരുന്ന ഡോ. പ്രസന്നനെ കോടതി വിസ്തരിച്ചത്.
ആറു പേരാണ് കൂടത്തായ് കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ടത്. 2009-ലാണ് റോയ് തോമസ് കൊല്ലപ്പെട്ടത്. ആത്മഹത്യയാണെന്നാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നത്.അസ്വാഭാവിക മരണത്തിനാണ് അന്ന് പോലീസ് ആദ്യം കേസെടുത്തിരുന്നത്.