സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ; ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നു ഹൈക്കോടതി
Tuesday, July 29, 2025 2:45 AM IST
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നു ഹൈക്കോടതി.
വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളടക്കം കരട് മാര്‍ഗരേഖ തയാറാക്കിയതായി കോടതിയെ അറിയിച്ചു. നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷം എത്രയും വേഗം അന്തിമമായ സമഗ്ര മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണമെന്നും ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഇതിനായി ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിക്കണമെന്നും ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു.
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂളില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂര്‍ ജയ്സിംഗ് സമര്‍പ്പിച്ച ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്.
അഞ്ചു വര്‍ഷത്തിനിടെ ചികിത്സയ്ക്ക് വിധേയമായ വിദ്യാര്‍ഥികളുടെയും പാമ്പുകടിയേറ്റവരുടെയും വര്‍ഷം തിരിച്ചുള്ള കണക്ക് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളും കരട് മാര്‍ഗനിര്‍ദേശങ്ങളും പരിഗണിച്ച കോടതി തുടര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അന്തിമമാക്കാനുള്ള നിര്‍ദേശം നല്‍കിയത്.
ഹര്‍ജിക്കാര്‍ക്കും അഡ്വക്കറ്റ് ജനറല്‍ മുഖേന നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറിക്ക് ലഭ്യമാക്കാമെന്ന് കോടതി വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ ഒരാഴ്ചയ്ക്കകം നല്‍കണം. ഈ നിര്‍ദേശങ്ങളടക്കം പരിഗണിച്ച് മാര്‍ഗരേഖ ആറാഴ്ചയ്ക്കകം അന്തിമമാക്കണം.