മനുഷ്യാവകാശനിഷേധം: തെയോഫിലോസ് മെത്രാപ്പോലീത്ത
Tuesday, July 29, 2025 2:45 AM IST
കൊച്ചി: കന്യാസ്ത്രീകൾക്കു നേരേ നടന്ന അതിക്രമം മനുഷ്യാവകാശ നിഷേധമാണെന്ന് യാക്കോബായ സഭ മീഡിയാ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഛത്തീസ്ഗഡിൽ നടന്ന മനുഷ്യത്വരഹിതമായ സംഭവം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്.
മതസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണിത്. സമർപ്പണത്തോടെ സാധുജന സംരക്ഷണത്തിലും രോഗീപരിചരണത്തിലും സാമൂഹികസേവനത്തിലും നിസ്വാർഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സന്യസ്തരെ ദുരാരോപണങ്ങൾ ചുമത്തി അറസ്റ്റുചെയ്തത് തികച്ചും അപലപനീയവും ജനാധിപത്യ ഭാരതത്തിന് അപമാനകരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.