സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി
Monday, July 28, 2025 5:47 AM IST
പറവൂർ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 98 സീറ്റ് നേടിയാൽ താൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. ഇത്രയും സീറ്റ് നേടിയില്ലെങ്കിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പദവികൾ രാജിവച്ചു രാഷ്ട്രീയ വനവാസത്തിനു പോകണം.
ഈ വെല്ലുവിളി ഏറ്റെടുക്കാൻ സതീശൻ തയാറാണോയെന്നു വെള്ളാപ്പള്ളി ചോദിച്ചു. എസ്എൻഡിപി പറവൂർ, വൈപ്പിൻ യൂണിയനുകളിലെ ശാഖ, പോഷക സംഘടനാ ഭാരവാഹികളുടെ നേതൃയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹങ്കാരത്തിനു കൈയും കാലും വച്ച സ്ഥിതിയിലാണ് സതീശൻ. പ്രതിപക്ഷനേതാവായപ്പോൾ മുഖ്യമന്ത്രിയായി എന്ന തോന്നലോടെ ആരോടും എന്തും പറയാമെന്നായി. പറവൂരിൽ ആദ്യവട്ടം തോറ്റ സതീശൻ, ആ തോൽവി മറന്നുപോയി. ഇതുപോലെ അഹങ്കാരം പറഞ്ഞവർ തോറ്റ ചരിത്രമുള്ളതു മനസിലാക്കുന്നതു നല്ലതാണ്.
മതേതരവാദിയാണെങ്കിൽ 25 വർഷത്തിനിടെ ഈഴവർക്കായി മണ്ഡലത്തിൽ എന്തു സാധിച്ചുതന്നു. ഈഴവവിരോധിയാണ് സതീശൻ. കാരണം, കെപിസിസി പ്രസിഡന്റായിരുന്ന കെ. സുധാകരനെ നിരന്തരം വേട്ടയാടിയിരുന്നു.
താൻ ഒരിക്കലും മുസ്ലിം വിരോധിയല്ല. തന്റെ കോലമല്ല, തന്നെ കത്തിച്ചാലും പറഞ്ഞ നിലപാടിൽ മാറ്റമല്ല. അല്ലെങ്കിൽ പറഞ്ഞതു തെറ്റാണെന്നു തെളിയിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.