അങ്കമാലി-എരുമേലി ശബരി പാത: സ്ഥലമേറ്റെടുപ്പിന് ഉപാധിയുമായി സർക്കാർ
Wednesday, July 30, 2025 1:41 AM IST
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി പദ്ധതിയുടെ നിലവിലെ സ്ഥിതി നേരിട്ടറിയാനെത്തിയ റെയിൽവേ ബോർഡ് സംഘത്തിനു മുന്നിൽ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ഉപാധികൾ വച്ച് സർക്കാർ.
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടത്. ഇതിനാവശ്യമായ 1900 കോടി കിഫ്ബി വഴി ലഭ്യമാക്കാമെന്നും പക്ഷേ ഇതിനെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നുമാണു കേരളം ആവശ്യപ്പെട്ടത്.
റെയിൽവേ ബോർഡ് അംഗം രാഗേഷ് അഗർവാൾ ചീഫ് സെക്രട്ടറി തലത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളം ഈ ആവശ്യം മുന്നോട്ടുവച്ചത്. ഇക്കാര്യം കേരളം രേഖാമൂലം സമർപ്പിച്ചാൽ അത് കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നു രാഗേഷ് അഗർവാൾ അറിയിച്ചു.
അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽപ്പാത നടപ്പാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ റെയിൽവേ മന്ത്രിയും നേരത്തേ കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം പദ്ധതിക്ക് അനുകൂലമായ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കാര്യങ്ങൾ വിശദമായി പഠിക്കുന്നതിനായി പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയച്ചത്.