വിൻഡീസിനെതിരായ ട്വന്റി20 പരന്പര 5-0നു തൂത്തുവാരി ഓസ്ട്രേലിയ
Wednesday, July 30, 2025 2:29 AM IST
സെന്റ് കിറ്റ്സ്: ടെസ്റ്റ് പരന്പരയ്ക്ക് പിന്നാലെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരന്പരയും തൂത്തുവാരി ഓസ്ട്രേലിയ.
അഞ്ചാം ട്വന്റി 20യില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് ഓസീസ് നേടിയത്. നേരത്തേ നടന്ന നാല് ട്വന്റി 20 മത്സരവും ഓസീസ് ജയിച്ചിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരന്പരയും ഓസീസ് 3-0ന് സ്വന്തമാക്കിയിയിരുന്നു. ഇതോടെ പര്യടനത്തിൽ 8-0ന്റെ പൂർണ ആധിപത്യമാണ് ഓസ്ട്രേലിയ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റിൻഡീസ് 19.4 ഓവറിൽ 170ന് പുറത്തായി. മറുപടി ബാറ്റിംഗിൽ ഓസീസ് 17 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 37 റണ്‍സ് നേടിയ മിച്ചൽ ഓവനാണ് ടോപ് സ്കോറർ. വിൻഡീസിന് വേണ്ടി അകെയ്ൽ ഹൊസെയ്ൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസീസിനായി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബെൻ ദാർഷ്യുസാണ് കളിയിലെ താരം. സ്കോർ: വെസ്റ്റ് ഇൻഡീസ്: 19.4 ഓവറിൽ 170. ഓസ്ട്രേലിയ: 17 ഓവറിൽ 173/7.
വിൻഡീസ് സ്റ്റാർട്ട്
ആദ്യം ബാറ്റുചെയ്ത വെസ്റ്റിൻഡീസ് ഷിംറോണ്‍ ഹെറ്റ്മെയറുടെ 52 റണ്‍സ് മികവിലാണ് 170 റണ്‍സ് അടിച്ചെടുത്തത്. ഷെഫാനെ റുതർഫോർഡ് (35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജേസണ്‍ ഹോൾഡർ 20 റണ്‍സ് നേടി. മാത്യൂ ഫോർഡെ (15), അകെയ്ൽ (11), ബ്രൻഡൻ കിംഗ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ഷായ് ഹോപ്പ് (9), കീസി കാർട്ടി (1), റൊമാരിയ ഷെപ്പേർഡ് (8), അൽസാരി (3) എന്നിവർ നിരാശപ്പെടുത്തി.
ഓസീസ് അറ്റാക്ക്
മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസീസിന് മോശം തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തിൽ മൂന്നിന് 25 എന്ന നിലയിലും നാലിന് 60 എന്ന നിലയിലുമായി. രണ്ടാം ഓവറിൽ ഗ്ലെൻ മാക്സ്വല്‍ (0) ഗോൾഡൻ ഡക്കായി. ജേസണ്‍ ഹോൾഡർക്കായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ ജോഷ് ഇൻഗ്ലിസിനേയും (10) ഹോൾഡർ മടക്കി.
മിച്ചൽ മാർഷിനെ (14), അൽസാരി ജോസഫ് ബൗൾഡാക്കിയതോടെ മൂന്നിന് 25 എന്ന നിലയിലായി ഓസീസ്. തുടർന്ന് കാമറൂണ്‍ ഗ്രീൻ (32) ടിം ഡേവിഡ് (30) സഖ്യം 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡേവിഡ് അഞ്ചാം ഓവറിൽ മടങ്ങി. 12 പന്തുകൾ മാത്രം നേരിട്ട താരം നാല് സിക്സുകൾ നേടിയിരുന്നു. ഇതോടെ നാലിന് 60 എന്ന നിലയിലായി ഓസീസ്.
തുടർന്ന് ഓവൻ- ഗ്രീൻ സഖ്യം 63 റണ്‍സ് കൂട്ടിചേർത്ത് ഓസീസിനെ മത്സരത്തിലേക്ക് തിരകെക്കൊണ്ടുവന്നു. ഇരുവരും മടങ്ങിയെങ്കിലും ആരോണ്‍ ഹാർഡി (25 പന്തിൽ പുറത്താവാതെ 28) ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഡ്വാർഷിസാണ് (9) പുറത്തായ മറ്റൊരു താരം. സീൻ അബോട്ട് (5) പുറത്താവാതെ നിന്നു.