രോമാഞ്ചം; സല്യൂട്ട്...
Friday, July 25, 2025 3:21 AM IST
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊരു പോരാളിയുണ്ടെങ്കില്‍ അത് ഋഷഭ് പന്താണ്. കാല്‍പത്തിയിലെ പൊട്ടല്‍ വകവയ്ക്കാതെ, മുടന്തിമുടന്തി സ്റ്റെപ്പുകള്‍ ഇറങ്ങി, ആരാധകരെ രോമാഞ്ചമണിയിച്ച് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാംദിനം ഋഷഭ് പന്ത് ക്രീസിലെത്തി.
ആദ്യദിനം ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സിന്റെ പന്ത് കൊണ്ട് വലതുകാല്‍പത്തിയില്‍ പൊട്ടലുണ്ടായതോടെ ഗോള്‍ഫ് കാര്‍ട്ടിന്റെ സഹായത്തോടെ മൈതാനംവിട്ട ഋഷഭ് പന്ത്, 24 മണിക്കൂറിനുള്ളില്‍ തിരികെ ക്രീസില്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് ഗാലറിയിലെ ഇന്ത്യന്‍ ആരാധകര്‍ സ്റ്റാന്‍ഡിംഗ് ഓവേഷന്‍ നല്‍കിയാണ് ‘പോരാളിപ്പന്തിനെ’ ക്രീസിലേക്കാനയിച്ചത്. എട്ട് ആഴ്ചയെങ്കിലും വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം നിലനില്‍ക്കേ, പോരാട്ടവീര്യം വാനോളമെത്തിച്ചായിരുന്നു 27കാരനായ ഋഷഭ് പന്തിന്റെ അപ്രതീക്ഷിത എന്‍ട്രി...
358 റണ്‍സില്‍ അവസാനിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍, ഒമ്പതാം വിക്കറ്റായാണ് പന്ത് പുറത്തായത്. അതും 75 പന്തില്‍ 54 റണ്‍സ് നേടിയശേഷം.
ഓ... പന്ത്; ട്രിപ്പിള്‍ റിക്കാര്‍ഡ്
മാഞ്ചസ്റ്ററിലെ ആദ്യദിനം 48 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും അടക്കം 37 റണ്‍സുമായി ക്രീസില്‍ തുടരവേയാണ് ക്രിസ് വോക്സിന്റെ പന്ത് കാലില്‍കൊണ്ട് പരിക്കേറ്റ ഋഷഭ് പന്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായത്. ഇന്ത്യന്‍ ഇന്നിംഗ്സിലെ 102-ാം ഓവറിന്റെ നാലാം പന്തില്‍ ഷാര്‍ദുള്‍ ഠാക്കൂര്‍ (88 പന്തില്‍ 41) പുറത്തായതോടെ ഋഷഭ് പന്ത് വീണ്ടും ക്രീസിലെത്തി. നേരിട്ട 69-ാം പന്തില്‍ ഋഷഭ് അര്‍ധസെഞ്ചുറി തികച്ചു, താരത്തിന്റെ 18-ാം ടെസ്റ്റ് അര്‍ധസെഞ്ചുറി. ഇന്നലെ ഒരു സിക്സും ഒരു ഫോറും കൂടി പറത്തി. 75 പന്തില്‍ രണ്ട് സിക്സും മൂന്നു ഫോറും അടക്കം 54 റണ്‍സ് നേടിയ പോരാളി പന്തിനെ ജോഫ്ര ആര്‍ച്ചര്‍ ബൗള്‍ഡാക്കുകയായിരുന്നു.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സ് എന്നതിനു പിന്നാലെ ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡും പന്ത് സ്വന്തമാക്കി. ഇംഗ്ലീഷ് മുന്‍ വിക്കറ്റ് കീപ്പര്‍ അലക് ജയിംസ് സ്റ്റുവര്‍ട്ട് 1998ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയ 465 റണ്‍സ് എന്ന റിക്കാര്‍ഡാണ് ഋഷഭ് പന്ത് (479) മറികടന്നത്. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോര്‍ എന്ന റിക്കാര്‍ഡും (5) പന്ത് ഇന്നലെ സ്വന്തമാക്കി.
ബെന്‍ ഫൈഫര്‍; ചരിത്രം
നാലു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എന്ന നിലയിലാണ് രണ്ടാംദിനമായ ഇന്നലെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 19 റണ്‍സ് വീതവുമായി രവീന്ദ്ര ജഡേജയും ഷാര്‍ദുള്‍ ഠാക്കൂറുമായിരുന്നു ക്രീസില്‍. ഒരു റണ്ണുകൂടി ചേര്‍ത്ത് രവീന്ദ്ര ജഡേജ (20) പുറത്തായി. ഷാര്‍ദുള്‍ ഠാക്കൂര്‍ അഞ്ച് ഫോറിന്റെ സഹായത്തോടെ 41 റണ്‍സ് സ്വന്തമാക്കി. 90 പന്തില്‍ 27 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും ഇംഗ്ലീഷ് ബൗളിംഗ് ആക്രമണത്തെ ചെറുത്തു. എന്നാല്‍, അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജ് (0), ജസ്പ്രീത് ബുംറ (4) എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 358ല്‍ അവസാനിച്ചു.
ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 24 ഓവറില്‍ 72 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ 10 സെഞ്ചുറിയും അഞ്ച് അഞ്ച് വിക്കറ്റ് നേട്ടവുമുള്ള ഇതിഹാസങ്ങളുടെ പട്ടികയിലും ഇതോടെ ബെന്‍ സ്റ്റോക്സ് എത്തി. ഗാരി സോബേഴ്സ്, ഇയാന്‍ ബോതം, ജാക് കാലിസ് എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
ഇംഗ്ലീഷ് മറുപടി കടുപ്പം
ഇംഗ്ലണ്ടിന്റെ മറുപടി ഒന്നാം ഇന്നിംഗ്സിനു തടയിടാൻ ഇന്ത്യൻ ബൗളർമാർ വിഷമിച്ചു. ഓപ്പണർമാരായ സാക് ക്രൗളിയും (84) ബെൻ ഡക്കറ്റും (94) ചേർന്ന് 166 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. രണ്ടാംദിനം അവസാനിക്കുന്പോൾ ഒല്ലി പോപ്പും (20) ജോ റൂട്ടുമാണ് (11) ക്രീസിൽ. 225/2 എന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട്.
ആരാധകരുടെ സല്യൂട്ട്....
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വീറുറ്റ പോരാട്ടം കാഴ്ചവയ്ക്കുന്ന ടീം ഇന്ത്യയുടെ കരുത്ത് ചോര്‍ത്തിയാണ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പരിക്കെത്തിയത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിടെ പരിക്കേറ്റ ഋഷഭ് പന്ത് പരമ്പരയില്‍ ഇനി കളിച്ചേക്കില്ലെന്നുള്ള ആശങ്കയും ഇതിനിടെ ഉയര്‍ന്നു. എന്നാല്‍, ഏവരെയും വിസ്മയിപ്പിച്ച് രണ്ടാംദിനമായ ഇന്നലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബാറ്റേന്തി ക്രീസിലേക്ക്; ഗാലറിയില്‍ ആവേശത്തിരയിളക്കം. ഋഷഭ് പന്ത്... തങ്കള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ സല്യൂട്ട്...

മാഞ്ചസ്റ്ററിലെ ആദ്യദിനം സായ് സുദര്‍ശനൊപ്പം നാലാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടു നയിക്കുമ്പോഴായിരുന്നു പന്ത് കൊണ്ട് ഋഷഭ് പന്തിന്റെ വലത് കാല്പത്തിക്കു പരിക്കേറ്റതും മൈതാനംവിടേണ്ടിവന്നതും. കാല്മുറിഞ്ഞ്, നീരുവന്ന ഋഷഭ് പന്തിനു പരസഹായമില്ലാതെ നടക്കാന്‍ സാധിച്ചില്ല. അതോടെ ഗോള്‍ഫ് കാര്‍ട്ടിലാണ് താരത്തെ മൈതാനത്തിനു പുറത്തേക്കെത്തിച്ചത്.
ബിസിസിഐ കുറിപ്പ്
പരിക്കേറ്റ ഋഷഭ് പന്ത് നാലാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പിംഗ് നടത്തില്ലെന്നും പകരം ധ്രുവ് ജുറെൽ ആയിരിക്കും ഗ്ലൗ അണിയുകയെന്നും ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. ആവശ്യമെങ്കില്‍ ഋഷഭ് പന്ത് ബാറ്റുമായി ക്രീസിലെത്തുമെന്നും ബിസിസിഐ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് താരം മുടന്തി സ്റ്റെപ്പുകള്‍ ഇറങ്ങി ക്രീസിലേക്ക് എത്തിയത്. അതേസമയം, 31ന് ഓവലില്‍ നടക്കാനിരിക്കുന്ന പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഋഷഭ് പന്ത് ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല.
പരിക്കേറ്റ കാലുമായി പന്തിനെ കളിപ്പിച്ചതില് വിമര്ശനമുന്നയിക്കുന്നവരുണ്ടെന്നതും മറ്റൊരു യാഥാര്‍ഥ്യം. ഋഷഭ് പന്തിന്റെ കാല്പത്തിക്കു ചെറിയപൊട്ടലുള്ളതിനാല് ആറ് മുതല്‍ എട്ട് ആഴ്ചവരെ വിശ്രമം വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
രണ്ടാമതും പരിക്ക്
2022 ഡിസംബര്‍ 30നു ജീവന്‍തന്നെ പൊലിഞ്ഞേക്കാവുന്ന കാറപകടത്തിനുശേഷം 2024 ഐപിഎല്ലിലൂടെയാണ് ഋഷഭ് പന്ത് സജീവ ക്രിക്കറ്റിലേക്കു തിരിച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരേ ലോഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം കീപ്പിംഗിനിടെ ചൂണ്ടുവിരലില്‍ പന്ത് കൊണ്ടും താരത്തിനു പരിക്കേറ്റിരുന്നു. തുടര്‍ന്ന് ലോഡ്സില്‍ പന്തിനു പകരം ധ്രുവ് ജുറെലാണ് ഇന്ത്യക്കായി ഗ്ലൗ അണിഞ്ഞത്.