യൂറോ: ഇംഗ്ലണ്ട് ഫൈനലില്‍
Thursday, July 24, 2025 12:51 AM IST
ജെനീവ: 2025 യുവേഫ യൂറോ വനിതാ ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഫൈനലില്‍. ഇറ്റലിയെ എക്സ്ട്രാ ടൈം ഗോളിലൂടെ കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം.
ത്രില്ലര്‍ പോരാട്ടത്തിന്റെ 33-ാം മിനിറ്റില്‍ ബാര്‍ബറ ബോണന്സിയിലൂടെ ലീഡ് നേടിയ ഇറ്റലിയെ ഇഞ്ചുറി ടൈം ഗോളിലാണ് ഇംഗ്ലണ്ട് സമനിലയില്‍ പിടിച്ചത്. 90+6-ാം മിനിറ്റില്‍ മിഷേല്‍ അഗ്യേമാങ് ഇംഗ്ലണ്ടിനു സമനില സമ്മാനിച്ച ഗോള്‍ സ്വന്തമാക്കി. തുടര്‍ന്ന് 119-ാം മിനിറ്റിൽ ക്ലോ കെല്ലിയുടെ ഗോളില്‍ ഇംഗ്ലണ്ട് ഫൈനലിലേക്കു മുന്നേറി.
ജര്‍മനി x സ്പെയിന് സെമി ഫൈനല്‍ ജേതാക്കളാണ് കിരീടപോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 27ന് ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ഫൈനല്‍.