നിശ്ചയദാര്‍ഢ്യത്തിന്റെ 650 ദിനങ്ങള്‍
Monday, July 21, 2025 2:21 AM IST
നീണ്ട 650 ദിനങ്ങളുടെ ഇടവേളയ്ക്കുശേഷം ഈ മാസം പൂനയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ അത്ലറ്റിക് മീറ്റിലൂടെയാണ് ശ്രീശങ്കര്‍ മത്സരവേദിയിലേക്കു തിരിച്ചെത്തിയത്. ഹാങ്ഷൗവില്‍ നടന്ന 2023 ഏഷ്യന്‍ ഗെയിംസിലെ വെള്ളിനേട്ടത്തിനുശേഷം ഈ 26കാരന്റെ ആദ്യ പോരാട്ടവേദിയായിരുന്നു പൂനയിലേത്.
കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് 2024 പാരീസ് ഒളിമ്പിക്സില്‍നിന്നു പിന്‍വാങ്ങേണ്ടിവന്നു. കരിയര്‍തന്നെ അവസാനിച്ചേക്കാവുന്ന പരിക്കായിരുന്നു ശ്രീശങ്കറിന്റെ ഇടതുകാല്മുട്ടിനേറ്റത്. എന്നാല്‍, കൃത്യമായ പരിചരണവും നിശ്ചയദാര്‍ഢ്യവും 650 ദിനങ്ങള്‍ക്കുശേഷം ഈ യുവാവിനെ കായികവേദിയിലേക്കു തിരിച്ചെത്തിച്ചു.
കാല്‍മുട്ടിനെ ഷിന് അസ്ഥിയുടെ മുകള്ഭാഗവുമായി ബന്ധിപ്പിക്കുന്ന പാറ്റെല്ലാര്‍ ടെന്‍ഡണ്‍ പൊട്ടുകയും അസ്ഥിയുടെ ഒരു ഭാഗം തെന്നിനീങ്ങുകയും ചെയ്ത ഗുരുതര പരിക്കാണ് ശ്രീശങ്കറിനുണ്ടായത്. കായികതാരങ്ങളില്‍ ടെന്‍ഡണ്‍ വീക്കം സംഭവിക്കുന്നത് സാധാരണമാണ്. പക്ഷേ ടെന്‍ഡണ്‍ പൊട്ടുന്നത് അപൂര്‍വം.
ബെല്ലാരിയിലെ ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്ടിലെ (ഐഐഎസ്) പെര്‍ഫോമന്‍സ് സയന്‍സ് മേധാവി സാമുവല്‍ എ. പുല്ലിംഗറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ശ്രീശങ്കര്‍ വിദഗ്ധ ചികിത്സയ്ക്കായി ദോഹയിലേക്കു പറന്നു.
നെയ്മറിനെ ചികിത്സിച്ച ആശുപത്രി
സ്പോര്‍ട്സ് മെഡിസിന് പേരുകേട്ട ദോഹയിലെ ആസ്പറ്റര്‍ ആശുപത്രിയിലായിരുന്നു ശ്രീശങ്കറിന്റെ ശസ്ത്രക്രിയ. ബ്രസീല്‍ ഫുട്ബോളര് നെയ്മർ കണങ്കാല് ശസ്ത്രക്രിയയ്ക്കു വിധേയനായതും ഈ ആശുപത്രിയിലായിരുന്നു.
ആറു മാസത്തിനുള്ളില്‍ ശ്രീശങ്കറിന് പരിശീലനം ആരംഭിക്കാന്‍ കഴിയുമെന്ന് ആസ്പറ്ററിലെ ഡോക്ടര്‍ ബ്രൂണോ ഒലോറിക്ക് ആത്മവിശ്വാസം നല്കി. അതനുസരിച്ചുള്ള കാര്യങ്ങള്‍ ചിട്ടപ്പെടുത്തി. ആദ്യ രണ്ടുമൂന്നു മാസങ്ങള്‍ 30 ഡിഗ്രിവരെ കാല്‍മുട്ട് മടക്കുന്നതിനുള്ള പരിശീലനമായിരുന്നു. തുടര്‍ന്ന് പടിപടിയായി ഓരോ ഘട്ടം കഴിഞ്ഞ്, പരിക്കിനെ കീഴടക്കി ഫീല്‍ഡിലേക്ക്...